കോലഞ്ചേരി: കോരൻകടവ് പാലം പണി തുടങ്ങി. നിർമ്മാണം വിലയിരുത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.2011ൽ നിർത്തിവച്ച പാലം പണി 9 വർഷത്തിനുശേഷമാണ് കഴിഞ്ഞയാഴ്ച പുനരാരംഭിച്ചത്.14.3 കോടിയാണ് അടങ്കൽ തുക. ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പോൾ വെട്ടിക്കാടൻ, സാലി ബേബി, നീമാ ജിജോ, പഞ്ചായത്തംഗം എ. സുഭാഷ്, എം.എൻ മോഹനൻ, എ.കെ മാധവൻ, കോൺട്രാക്ടർ മാത്യു കോര, പൊതുമരാമത്ത് വകുപ്പ് (പാലം) എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പീയൂസ് വർഗീസ്, അസിസ്റ്റന്റ് എൻജിനീയർ എം.കെ. നജീമുദ്ദീൻ എന്നിവർ സന്നിഹിതരായി.
ഒമ്പത് വർഷത്തിനുശേഷം
പിറവം നിയോജകമണ്ഡലത്തിലെ രാമമംഗലത്തെയും കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ കറുകപ്പിള്ളിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയാറിനു കുറുകെ കോരൻ കടവിലാണ് പാലം നിർമ്മിക്കുന്നത്. നേരത്തെ 9 കോടിയ്ക്ക് ടെണ്ടർ ചെയ്ത പാലം 5 തൂണുകൾ മാത്രം നിർമ്മിച്ച് മുൻ കോൺട്രാക്ടർ പ്രവർത്തി ഉപേക്ഷിച്ചു. തുടർന്ന് അയാളെ ഒഴിവാക്കിയാണ് 9 വർഷത്തിനുശേഷം പണി പുനരാരംഭിച്ചത്.