കൊച്ചി : തുരുത്തി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ ഫ്ളാറ്റ് നിർമ്മിക്കുന്നതിൽ കൊച്ചി നഗരസഭ വീഴ്ചകൾ വരുത്തിയെന്ന് വിമർശനം. പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയിൽ സ്‌റ്റേറ്റ് പെർഫൊമെൻസ് ഓഡിറ്ററുടെ പരിശോധനാ റിപ്പോർട്ടിലാണ് വിമർശനം.
പദ്ധതി സമയബന്ധതിമായി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും സംഭവിച്ച വീഴ്ചകൾ മൂലം കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടപ്പെടുത്തി. കരാറുകാരന് സെക്യൂരിറ്റി തുക തിരിക നൽകിയതിലും വീഴ്ചസംഭവിച്ചു.
രാജീവ് ആവാസ് യോജന പദ്ധതിയിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയതു മുതൽ പിഴവുകൾ സംഭവിച്ചു.
12 നിലകൾ പൂർത്തീകരിച്ച ശേഷം മാത്രം നൽകേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റായ 91,22,875രൂപ മേയറുടെ അനുമതിയോടെ സെക്രട്ടറി തിരികെ നൽകി. ടെൻഡർ നൽകിയതിൽ ബാഹ്യ ഇടപെടലുണ്ടായി. കരാറിലെ സമയപരിധിയായ 12 മാസം കൗൺസിൽ അംഗീകാരം ഇല്ലാതെ ദീർഘിപ്പിച്ചു നൽകി. സ്ഥിരംസമിതി അദ്ധ്യക്ഷ പൂർണിമ നാരായണിന്റെ നേതൃത്വത്തിൽ 28 പ്രതിപക്ഷ കൗൺസിലർമാർ ചേർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്.