പറവൂർ: ഏഴിക്കര ഗ്രാമപഞ്ചായത്തിലെ തകർച്ചയിലായ ലങ്കാപ്പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച സ്ഥിതി വിലയിരുത്താൻ വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിലവിലുള്ള 7.5മീറ്റർ വീതിയിൽ നിന്നും 5.5 മീറ്ററായി കുറച്ച് നിർമ്മിക്കുന്നതിന് തിരുമാനിച്ചു. അപ്രോച്ച് റോഡിന്റെ അലൈൻമെന്റ് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മേജർ ഇറിഗേഷൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്താൻ തിരുമാനിച്ചു. പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പിയൂസ് വർഗ്ഗീസ്, അസി. എൻജിനീയർ സാലി അഗസ്റ്റിൻ, എം.എ. നസീർ, കെ.എസ്. ബിനോയ് എന്നിവർ പങ്കെടുത്തു.
എം.എൽ.എയുടെ നിലപാട് ജാള്യത മൂലം: സി.പി.എം
ലങ്ക പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ ഇപ്പോഴുള്ള നടപടികൾ ജാള്യത മൂലമെന്ന് സി.പി.എം. മുപ്പത് വർഷം മുമ്പ് നിർമ്മിച്ച പാലം ഏറെ നാളായി ശോച്യാവസ്ഥയിലായിരുന്നു. ലങ്ക പ്രദേശത്തുള്ള 32 കുടുംബങ്ങൾ പാലത്തിന്റെ തകർച്ച മൂലം യാത്രാദുരിതം നേരിട്ടപ്പോൾ തിരിഞ്ഞു നോക്കിയില്ല. ജനകീയ സമരങ്ങൾ ഉയർന്നു വന്നപ്പോൾ അതിൽ നിന്ന് രക്ഷപെടാനുള്ള നിലപാട് അപഹാസ്യമാണെന്നും ഏഴിക്കര ലോക്കൽ സെക്രട്ടറി കെ.ജി. ഗിരീഷ് കുമാർ പറഞ്ഞു.