ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരന്റെ ദാരുണമായ മരണം യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും വിവിധ സർക്കാർ ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചിട്ടും മാതാവ് ജില്ലാ ആശുപത്രിക്കുമുമ്പിൽ സമരം നടത്തുന്നത് അപലപനീയമാണെന്നും എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ വകുപ്പ് മന്ത്രിയും പിന്നീട് മനുഷ്യാവകാശ കമ്മീഷനും അന്വേഷണം പ്രഖ്യാപിക്കയുണ്ടായി. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം നാണയം വിഴുങ്ങിയതല്ലായെന്നും വ്യക്തമായി.
എന്നിട്ടും ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് വിശദ റിപ്പോർട്ടിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും, ആലുവ ഡി.വൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ കുട്ടിയുടെ അമ്മ നന്ദിനിയെ സമരരംഗത്തിറക്കി കോൺഗ്രസും ബി.ജെ.പിയും ചൂഷണം ചെയ്യുകയാണ്.
സമര കേന്ദ്രത്തിൽ അനുഭാവ സംഘടനകളുമായി വന്നു നടത്തുന്ന അനുഭാവ സത്യാഗ്രഹം കൊവിഡ് ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം നീക്കത്തിനെതിരെ പൊലീസ് നടപടിയെടുക്കണം. യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ കെ..എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, വി. സലീം, സി.പി.ഐ മണ്ഡലം സെകട്ടി എ. ഷംസുദ്ദീൻ, ഘടകകക്ഷി നേതാക്കളായ കെ.എച്ച്. ഷംസുദ്ദീൻ, നൗഷാദ്, നാസ്സർ, ജോണി മൂത്തേടൻ, ജെലീൽ, എ.വി. റോയി എന്നിവർ പങ്കെടുത്തു.