പെരുമ്പാവൂർ : കീഴില്ലം-പാണിയേലിപ്പോര് റോഡ് നവീകരണം പ്രതീക്ഷയുടെ ട്രാക്കിൽ. ഇരുവശങ്ങളിലേയും സ്ഥലം ഏറ്റെടുക്കലടക്കം നിർണയിക്കുന്ന രണ്ടാം സർവേയ്ക്ക് തുടക്കമായി. 2018ലായിരുന്നു ആദ്യ സർവേ നടന്നത്. എന്നാൽ രൂപരേഖ അപൂർണമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തി. ഇതിനാൽ നവീകരണം നീണ്ടുപോകുകയായിരുന്നു. പാണിയേലിപ്പോര് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന പാതകളിൽ ഒന്നാണിത്.
രണ്ടാം സർവേ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. എസ്റ്റീം ഡെവലപ്പേഴ്‌സാണ് സർവ്വേ നടത്തുന്നത്.
ഇതിനായി 9.90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടോട്ടൽ സ്റ്റേഷൻ സർവേയും മണ്ണ് പരിശോധനയും പാലങ്ങളുടെ ഇരു വശങ്ങളിലുള്ള ബോറിംഗ് പരിശോധനയുമാണ് ഇപ്പോൾ നടക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 20 കോടി രൂപ അനുവദിക്കുകയായിരുന്നു.
2018ൽ സവേയ്ക്കായി 8.07 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് റോഡിന് ആവശ്യമായ വീതി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.കീഴില്ലം മുതൽ കുറുപ്പംപടി വരെയുള്ള ഭാഗമാണ് സർവ്വേ നടത്തുന്നത്. റോഡിന്റെ ഇരു വശങ്ങളിലുമായി 20 മീറ്റർ വീതിയിൽ ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തും. റോഡിൽ വരുന്ന കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും. ഇതിന് പുറമേ ഓരോ കിലോമീറ്റർ ദൂരത്തിലുമുള്ള മണ്ണ് സാമ്പിൾ പരിശോധിക്കും. മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു സി.ബി.ആർ കണ്ടുപിടിക്കുന്നതിനാണിത്. ഈ റോഡിൽ വരുന്ന രണ്ട് പാലങ്ങളുടെ ഇരു വശങ്ങളിലുമായുള്ള പരിശോധനയും ഇതോടൊപ്പം പൂർത്തീകരിക്കും. കനാൽ പാലം ജംഗ്ഷൻ, പറമ്പിപീടിക എന്നീ ഭാഗങ്ങളിൽ വരുന്ന പാലങ്ങൾ പൊളിച്ചു മാറ്റി പുതിയ നിർമ്മിക്കും. ഇതിന്റെ അടിത്തറ പാറയിൽ ഉറപ്പിച്ചു നിർത്തുന്നതിന് ലെവൽ കണ്ടുപിടിക്കുന്നതിനാണ് ബോറിംഗ് നടത്തുന്നത്.
സർവ്വേ റിപ്പോർട്ട് തയ്യാറാക്കി പൊതുമരാമത്ത് രൂപരേഖ വിഭാഗത്തിന് സമർപ്പിക്കു.പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു അനുമതി ലഭ്യമാക്കുകയാണ് അടുത്ത ഘട്ടം. കലുങ്കുകളും കാനയും നിർമ്മിച്ചു വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കി റോഡ് കൂടുതൽ കാലം നിലനിൽക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. നിലവിലുള്ള ടാറിംഗ് നീക്കം ചെയ്തു ഏറ്റവും ആധുനികമായ രീതിയിൽ റോഡ് പുനർ നിർമ്മിക്കും. റോഡിൽ ദിശ ബോർഡുകളടക്കം സ്ഥാപിക്കും
എൽദോസ് കുന്നപ്പിള്ളി
എം.എൽ.എ