ആലുവ: നഗരത്തിൽ ഊമൻകുഴിത്തടത്തിൽ മൂന്ന് നില കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ സ്ഥലത്ത് സുരക്ഷാ മതിൽ നിർമ്മാണം ആരംഭിച്ചു. സ്ഥലം പരിശോധിച്ച നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് കോൺക്രീറ്റ് സംരക്ഷ സംവിധാനം ഒരുക്കുന്നത്.

ആഗസ്റ്റ് ഒമ്പതിന് രാത്രിയാണ് സംഭവം നടന്നത്. ഇതേതുടർന്ന് കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് കടുംബങ്ങളെയും 30 അടി താഴെ കോളനിയിൽ താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചിരുന്നു. വലിയ പില്ലർ സ്ഥാപിച്ച് മണ്ണ് ബലപ്പെടുത്തുന്നതിൻെറ ഭാഗമായാണ് നിർമ്മാണം ആരംഭിച്ചത്. ഇടിഞ്ഞ മണ്ണ് താഴെയുള്ള രണ്ട് വീടുകൾക്കും പൊതുശൗചാലയത്തിനും സമീപത്തായാണ് പതിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പാറക്കല്ല് പൊട്ടിച്ച സ്ഥലത്താണ് 20ഓളം കുടുംബങ്ങൾ താമസിക്കുന്നത്. ഈ കുടിലുകൾക്ക് മുകളിൽ 30 മീറ്റർ പറമ്പിലാണ് നാല് നില കെട്ടിടം സ്ഥിതി ചെയ്യുന്നത്. നഗരസഭ 11 ാം വാർഡിൽ അംബേദ്കർ ഹാളിനോട് ചേർന്ന് കാട്ടുങ്ങൽ ബാബുവിന്റെയും സുന്ദരന്റെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.