വൈപ്പിൻ: കടമക്കുടി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് കണ്ടെയ്‌നർ റോഡിലൂടെ യാത്ര ചെയ്യുന്നതിന് ടോൾ ഏർപ്പെടുത്തുവാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ നീക്കം വിശ്വാസവഞ്ചനയാണെന്ന് എസ് ശർമ്മ എം.എൽ.എ കുറ്റപ്പെടുത്തി. നാടിന്റെ വികസനത്തിൽ ഭാഗഭാക്കുന്നതിനായി കിടപ്പാടം വിട്ടുനൽകിയവരാണ് കടമക്കുടിക്കാർ. ഇത്തരത്തിൽ ഭൂമി വിട്ടുനൽകിയ സമീപ പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ടോൾ ഇളവ് നകിയിട്ടുള്ളതാണ്. കണ്ടെയ്‌നർ റോഡിലെ പിരിവ് ആരംഭിക്കുന്നതിന് മുന്നോടിയായുണ്ടായ പ്രക്ഷോഭത്തെതുടർന്ന് എൻ എച്ച് അതോറിറ്റിയും ജില്ലാ ഭരണകൂടവും പ്രദേശവാസികളും അതാത് ഗ്രാമപഞ്ചായത്ത് അതികൃതരും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കണ്ടെയ്‌നർ റോഡിനായി ഭൂമിയും ഉപജീവന സംവിധാനങ്ങളും വിട്ടു നൽകിയ പ്രദേശവാസികളെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കിയത്. അന്നുണ്ടാക്കിയ ധാരണകളെയെല്ലാം കാറ്റിൽ പറത്തികൊണ്ട് ടോൾ പിരിവ് ഏർപ്പെടുത്തുവാനുള്ള നീക്കം വഞ്ചനാപരമാണ്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും നിലവിലുള്ള സ്ഥിതി തുടരന്നുതിനുമുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.