കൊച്ചി : തീവ്രവാദി ആക്രമണങ്ങൾക്കായി കണ്ണൂരിലെ കനകമലയിൽ ഭീകരവാദികൾ രഹസ്യയോഗം ചേർന്ന കേസിൽ മുഹമ്മദ് പോളക്കാനിയെ എൻ.ഐ.എ 16 -ാം പ്രതിയാക്കി. ഇയാളെ ജോർജ്ജിയയിൽ നിന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
ദക്ഷിണേന്ത്യയിലെ വിവിധ ആരാധനാലയങ്ങളിൽ ആക്രമണം നടത്താനും ഹൈക്കോടതി ജഡ്ജിമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കാനും പ്രതികൾ ആസൂത്രണം നടത്തിയെന്നാണ് കേസ്.എൻ.ഐ.എ അന്വേഷണത്തിൽ പ്രതികൾ ടെലിഗ്രാം എന്ന മൊബൈൽ ആപ്ളിക്കേഷൻ വഴിയാണ് സന്ദേശങ്ങൾ കൈമാറിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇൗ ഗ്രൂപ്പിൽ ഹാർപർ പാർക്കർ എന്ന പേരിലാണ് മുഹമ്മദ് പോളക്കാനി പങ്കെടുത്തിരുന്നത്.
2016 ഒക്ടോബർ രണ്ടിനാണ് പ്രതികൾ കനകമലയിൽ രഹസ്യ യോഗം ചേർന്നത്. ആറു പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.