ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചിയിലെ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നതിൽ

ആശങ്കയേറുന്നു. ജനസാന്ദ്രതയേറിയ ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ അയവുവന്നത് കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് മാറുകയാണ്. ഇതിനിടയിൽ ഫോർട്ടുകൊച്ചി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ രണ്ടാഴ്ചമുമ്പ് സ്ഥലംമാറിപ്പോയെങ്കിലും പകരം നിയമനമായിട്ടില്ല.

വിവാഹത്തിന് പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതിനാൽ പല വീടുകളിലും ഹാളുകളിലും വിവാഹങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ഒരു ഹാളിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തവരിൽ 23 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വധുവും ഒരു വയസുള്ള കൈകുഞ്ഞും ഇതിൽ ഉൾപ്പെടും.

നിലവിൽ ഒന്നാ രണ്ടോ കവലകളിൽ മാത്രമാണ് പേരിന് പൊലീസ് പട്രോളിംഗ് നടത്തുന്നത്. അടച്ചുവെച്ചിരുന്ന പല വഴികളും ആഴ്ചകൾക്ക് മുൻപ് നാട്ടുകാർ സ്വയം തുറന്ന് തെരുവിൽ ഇറങ്ങിയതും മാർക്കറ്റുകളിലും മറ്റുകടകളിലും തിരക്ക് വർദ്ധിച്ചതുമാണ് ഇവിടെ രോഗവ്യാപനം കൂടാൻ ഇടയായ സാഹചര്യമുണ്ടാക്കിയതെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു.