kklm
കൂത്താട്ടുകുളം നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച ലൈഫ് മിഷൻ നിർമ്മാണോദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ റോയി എബ്രഹാം ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

കൂത്താട്ടുകുളം: ലൈഫ് മിഷന്റെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. എല്ലാവർക്കും വീട്, ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന ബദൽ വികസനമാണ്
സർക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളം നഗരസഭ ചെയർമാൻ റോയി എബ്രഹാം
ശിലാഫലകം അനാച്ഛാദനം ചെയ്തു. കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള 107 സെന്റ് സ്ഥലത്താണ് ഭവന സമുച്ചയം നിർമിക്കുന്നത്. 36 കുടുംബങ്ങൾക്ക് ഇവിടെ വീടൊരുക്കും. 22130 ചതുരശ്ര അടിയാണ് ആകെ വിസ്തീർണം. നിലവിൽ അർഹരായ 35 കുടുംബങ്ങളെയാണ് നഗരസഭ കണ്ടെത്തിയിരിക്കുന്നത്.
ഒരാഴ്ചക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.ആറു മാസങ്ങൾക്കുള്ളിൽ പണി പൂർത്തിയാക്കും. പ്രായമായവർക്ക് ഒത്തു കൂടാനും കുട്ടികൾക്കുള്ള കളിസ്ഥലം ഒരുക്കാനുമുള്ള അനുബന്ധ പദ്ധതികളും നടപ്പിലാക്കുമെന്ന് നഗരസഭ ചെയർമാൻ റോയി എബ്രഹാം പറഞ്ഞു.മുൻ എം.എൽ.എ. എം.ജെ.ജേക്കബ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, നഗരസഭ ചെയർമാൻ റോയി എബ്രഹാം, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ വിജയ ശിവൻ,എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, നഗരസഭ കൗൺസിലർമാരായ സി.വി.ബേബി, സണ്ണി കുര്യാക്കോസ്, സി.എൻ.പ്രഭകുമാർ, എം.എം.അശോകൻ, എ.എസ്.രാജൻ, സിപിഎം ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ്‌, എ.കെ. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ് ബഹിഷ്കരിച്ചു

ഒരിക്കൽ നടത്തിയ ഉദ്ഘാടനം വീണ്ടും നടത്തിയെന്നാരോപിച്ച് കൂത്താട്ടുകുളത്തെ ലൈഫ് ഫ്ലാറ്റ് ഭവനപദ്ധതി നിർമ്മാണോദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു.2017 മെയ് മാസത്തിൽ ലൈഫ് ഫ്ലാറ്റ് ഭവനപദ്ധതിയുടെ ജില്ല തല ഉദ്ഘാടനം കൂത്താട്ടുകുളത്ത് നടന്നിരുന്നു.ഇതേ സർക്കാരിന്റെ കാലത്ത് മൂന്നു വർഷം മുമ്പ് അന്നത്തെ യു.ഡി.എഫ് മുൻസിപ്പൽ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇതേ പദ്ധതിയുടെ ഉദ്ഘാടനം നടന്നിരുന്നു. സർക്കാർ പദ്ധതിയെ വൈകിപ്പിക്കുകയായിരുന്നു.ഉദ്ഘാടനം വീണ്ടും നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ മുൻ ചെയർമാൻമാരായ പി.സി.ജോസ്, പ്രിൻസ് പോൾ ജോൺ, ബിജു ജോൺ, കൗൺസിലർ തോമസ് ജോൺ എന്നിവർ പങ്കെടുത്തു.