lorry-moothakunnam

പറവൂർ : കൊവിഡ് സ്ഥിരീകരിച്ച മത്സ്യ ലോറി ഡ്രൈവറെയും ക്ളീനറെയും പകൽ മുഴുവൻ ലോറിയിലി​രുത്തി ആരോഗ്യ വകുപ്പ്. ദേശീയപാതയിൽ പാർക്ക് ചെയ്ത ലോറിയിൽ ഇരുന്ന വടക്കേക്കര സ്വദേശികളായ യുവാക്കൾ ഉദ്യോഗസ്ഥരെ പലവട്ടം ബന്ധപ്പെട്ടിട്ടും വേണ്ട പരി​ഗണന ലഭി​ച്ചി​ല്ല. ഒടുവി​ൽ രാത്രി​ ഒമ്പത് മണി​യോടെയാണ് ഇരുവരെയും ചി​കി​ത്സാ കേന്ദ്രത്തി​ലേക്ക് മാറ്റി​യത്.

ഇവർ ചെന്നൈയിൽ നിന്നും മീൻ എടുക്കാൻ കഴിഞ്ഞ എട്ടിനാണ് പോയത്. മത്സ്യം ലഭി​ക്കാത്തതി​നാൽ അവി​ടെ തുടരുകയായി​രുന്നു. ചെന്നൈയി​ൽ ഒരുമിച്ചു കഴിഞ്ഞ മറ്റൊരു ലോറിയിലെ വടക്കേക്കര സ്വദേശിയായ ഡ്രൈവർക്ക് നാട്ടിലെത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇരുവരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചു വരുത്തുകയായി​രുന്നു.

കാലി​ ലോറി​യുമായി​ മടങ്ങി​യ ഇവർ ഇന്നലെ രാവിലെ ആറു മണിയോടെ മൂത്തകുന്നത്തെത്തി. പത്ത് മണിയോടെയാണ് ചേന്ദമംഗലത്തുള്ള കേന്ദ്രത്തിൽ ടെസ്റ്റ് നടത്തി​യത്. രണ്ടര മണിക്കൂറിനു ശേഷം രോഗം സ്ഥിരീകരിച്ചു. പ്രായമുള്ളവർ വീട്ടിലുള്ളതിനാലും സൗകര്യ കുറവുള്ളതിനാലും പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞിട്ടു യാതൊരു നടപടിയും ഉണ്ടായില്ല. ഭക്ഷണത്തിനായി ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വടക്കേക്കര പഞ്ചായത്ത് അംഗം ദീപുലാൽ ആരോഗ്യ വകുപ്പ് അധികൃതരെ വിളിച്ചെങ്കിലും കൃത്യമായി മറുപടികൾ ലഭിച്ചില്ല. ഇതിനെ തുടർന്ന് ഇദ്ദേഹം ദേശീയപാതയിൽ ലോറിക്കു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് യുവാക്കൾ ചെന്നൈയി​ൽ നി​ന്ന് തിരിച്ചത്. ലോറി​യി​ലുള്ള മുപ്പതിനായിരം രൂപയിലധികം വിലവരുന്ന ഐസ് ഉരുകി തീരുകയാണെന്നും യുവാക്കൾ പറഞ്ഞു. പറവൂരി​ൽ ഫസ്റ്റ് ലെവൽ ചികിത്സാ കേന്ദ്രങ്ങൾ ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.