കൊച്ചി : പൈനാപ്പിൾ കർഷകരുടെ നിവേദനത്തിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. കൊവിഡ് വ്യാപനത്തെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി നിമിത്തം പൈനാപ്പിൾ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ബാങ്ക് അധികൃതർക്കും നിവേദനം നൽകിയിരുന്നു. ഇതു പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. പൈനാപ്പിൾ മേഖലയ്ക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കുക, 2018 വരെ തിരിച്ചടവു മുടങ്ങാത്ത കർഷകരുടെ വായ്പകൾ എഴുതിത്തള്ളുക, നിലവിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ കൃഷി തുടരാൻ പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ നിവേദനം നൽകിയത്. ഇതു പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ പിന്നീട് ഹൈക്കോടതിയിലെത്തിയത്.