പറവൂർ: വടക്കേക്കര പഞ്ചായത്തിൽ ഇന്നലെ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്കു കൊവിഡ് സ്ഥിരീകരിക്കുന്നത്. പതിനൊന്നാം വാർഡിൽ 5 പേർക്ക് പോസിറ്റീവായി. അതിൽ 4 പേർ ഒരു വീട്ടിലുള്ളവരാണ്. ഏഴാം വാർഡിൽ ഒരു വീട്ടിലെ 4 പേർക്ക് സ്ഥീരികരിച്ചു. 1, 5, 17 വാർഡുകളിൽ ഓരോ കേസുകളും പതിനാറാം വാർഡിൽ രണ്ടു കേസുകളും റിപ്പോർട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച 14ൽ 12 പേരും സമ്പർക്കരോഗികളാണ്. രണ്ടു പേർ മീൻ വണ്ടിയിൽ തമിഴ്നാട്ടിൽ പോയി തിരികെ വന്നവരാണ്. നിലവിൽ പഞ്ചായത്തിൽ ആകെ 48 പേരാണ് പോസിറ്റീവായി തുടരുന്നത്. പതിനൊന്നാം വാർഡിൽ ചക്കുമരശേരി ക്ഷേത്രനടയുടെ കിഴക്കുവശത്തും ക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് പതിമൂന്നാം വാർഡിന്റെ ഭാഗത്തും മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ചിറ്റാറ്റുകര പഞ്ചായത്തിൽ അഞ്ച് പേർക്ക് പോസിറ്റീവായി. പന്ത്രണ്ടാം വാർഡിൽ രണ്ടു കേസുകളും 3, 4, 11 വാർഡുകളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു. ചേന്ദമംഗലം പഞ്ചായത്തിൽ അഞ്ചു പേർക്ക് സ്ഥിരീകരിച്ചു.പതിനെഴാം വാർഡിൽ ഒരു വീട്ടിലെ നാല് പേർക്കും രണ്ടാം വാർഡിലെ മറ്റൊരാൾക്കുമാണ് രോഗം.
അനൗൺസ്മെന്റ് നടത്തി
സമ്പർക്ക രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി പഞ്ചായത്തിന്റെ പ്രദേശങ്ങളിൽ അനൗൺസ്മെന്റ് നടത്തി. സാഹചര്യങ്ങൾ മോശമാവുകയാണെന്നും അനാവശ്യകാര്യങ്ങൾക്കു പുറത്തിറങ്ങരുതെന്നും കൂട്ടംകൂടരുതെന്നും റൂം ക്വാറന്റൈനിൻ കൃത്യമായി പാലിക്കണമെന്നും ജനങ്ങളെ അറിയിച്ചു.