gol

കൊച്ചി : സ്വർണക്കടത്തു കേസിൽ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയെ അറസ്റ്റ് ചെയ്യുമ്പോൾ പിടിച്ചെടുത്ത ഐ ഫോൺ, ലാപ്ടോപ്പ് എന്നിവ പാസ്‌വേർഡില്ലാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സാദ്ധ്യതയുള്ള പാസ്‌വേർഡുകൾ വെളിപ്പെടുത്തിയെന്നും, ഇതു സി ഡാക്ക് അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു. ഇൗ പാസ്‌വേർഡുകൾ ഉപയോഗിച്ച് ശേഖരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെയും, നേരത്തേ പരിശോധനയ്ക്ക് നൽകിയ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വീണ്ടും പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. സ്വപ്നയെ ചോദ്യം ചെയ്യാൻ 22 ന് എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ തിരിച്ചു കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.വിയ്യൂരിൽ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം അനുവദിച്ച കോടതി, ഒക്ടോബർ എട്ടു വരെ റിമാൻഡ് ചെയ്തു. സ്വപ്‌ന മറ്റു പ്രതികളുമായി സോഷ്യൽ മീഡിയ വഴിയാണ് ആശയ വിനിമയം നടത്തിയിരുന്നത്. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ലഭിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം വേണം. രാജ്യത്തിനകത്തും പുറത്തുമായി ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഉന്നതരുടെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനൊപ്പമാണ് സ്വപ്നയെ ചോദ്യം ചെയ്തത്. എന്നാൽ, ഇതിന്റെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

അഞ്ച് പ്രതികൾ ഒളിവിൽ

ഫൈസൽ ഫരീദ് ഉൾപ്പെടെ അഞ്ചു പ്രതികൾ യു.എ.ഇയിൽ ഒളിവിലാണെന്നും, ഇവരെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായത്തോടെ ബ്ളൂ നോട്ടീസ് ഇറക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും റിപ്പോർട്ടിലുണ്ട്. റബിൻസ് ഹമീദ്, സിദ്ദിക്കുൾ അക്ബർ, അഹമ്മദ് കുട്ടി, രാജു, മുഹമ്മദ് ഷമീർ എന്നിവരാണ് ഒളിവിലുള്ള മറ്റ് പ്രതികൾ..