കൊച്ചി: സംഗീതസംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററെ ആദരിക്കാൻ 'കേരളകൗമുദി" സംഘടിപ്പിച്ച സംഗീതസന്ധ്യയിൽ മുഖ്യാതിഥിയായെത്തിയ എസ്.പി. ബാലസുബ്രഹ്മണ്യം കൊച്ചിയുടെ ഹൃദയം കവർന്നാണ് മടങ്ങിയത്. 'കേരളകൗമുദി'യുടെ അതിഥിയായി ഒരു ദിവസം അദ്ദേഹം കൊച്ചിയിൽ താമസിച്ചു.2008 ആഗസ്റ്റ് 20ന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മെലഡി ഫിയസ്റ്റ'യ്ക്ക് അപ്രതീക്ഷിതമായി ഹർത്താൽ വന്നിട്ടും എസ്.പി ആരാധകരാൽ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.എം.കെ. അർജുനൻ സംഗീതസംവിധായകനായി ചെന്നൈയിലെത്തിയ കാലം മുതൽ ഇരുവരും തമ്മിൽ ഊഷ്മളബന്ധമായിരുന്നു. ."എനിക്ക് മലയാളത്തിൽ ഏറെനേരം സംസാരിക്കാൻ അറിയില്ല. എനിക്ക് ഒരു ഭാഷയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും അറിയില്ല. പക്ഷേ, അർജുനൻ മാസ്റ്ററെ അറിയാം. ഡി. മാധവൻനായർ റോഡിലെ കൊച്ചുമുറിയിൽ അമ്മയോടും സഹോദരിയോടുമൊപ്പം ഞാൻ കഴിഞ്ഞിരുന്ന കാലം മുതൽ എനിക്ക് അർജുനൻ മാസ്റ്ററെ അറിയാം. തൊട്ടടുത്തുള്ള സിനിമാ നിർമ്മാണകമ്പനിയിൽ മാസ്റ്റർ പാട്ട് കമ്പോസ് ചെയ്യാൻ വരുമായിരുന്നു. പിന്നീട് ഞാൻ റെക്കാർഡിംഗിന് പോകുമ്പോൾ എ.ആർ. റഹ്മാനൊപ്പവും മാസ്റ്ററെ കണ്ടിട്ടുണ്ട്. മാസ്റ്ററെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് എന്റെഭാഗ്യമാണ്." എന്നായിരുന്നു എസ്.പി.ബി പറഞ്ഞത്.