ആലുവ: ആലുവ മാർക്കറ്റിൽ 'തുമ്പൂർമുഴി മോഡൽ' മാലിന്യ നിർമ്മാർജന പദ്ധതിക്കായി നിർമ്മിച്ച കെട്ടിടത്തിലെ വ്യാപാരികളുടെ കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയിലെ എൽ.ഡി.എഫ് നയിക്കുന്ന പ്രതിപക്ഷവും ബി.ജെ.പി, സ്വതന്ത്ര കൗൺസിലർമാർ ഉൾപ്പെടുന്ന ജനപക്ഷവുമാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച കേരളകൗമുദി മാലിന്യ നിർമ്മാർജന പദ്ധതി ജലരേഖയായെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് പ്രതിപക്ഷ കക്ഷികളുടെ കണ്ണുതുറപ്പിച്ചത്.
അതേസമയം,റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട നഗരസഭ സെക്രട്ടറി നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്നാൽ നഗരസഭ ഭരണ സമിതി ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. മുനിസിപ്പൽ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കേ കച്ചവടക്കാരെ എതിരാക്കേണ്ടെന്ന നിലപാടിലാണ് ഭരണപക്ഷത്തെ ഒരു വിഭാഗം കൗൺസിലർമാർ. അതേസമയം, നഗരസഭ വസ്തുവകകൾ കൈയേറാൻ അനുവദിക്കരുതെന്ന നിലപാടുകാരും ഇക്കൂട്ടത്തിലുണ്ട്. അവർ ന്യൂനപക്ഷമായതിനാൽ മൗനം പാലിക്കുകയാണ്.
തുമ്പൂർമുഴി മാലിന്യ മോഡൽ മാലിന്യ നിർമാർജ്ജന പദ്ധതിക്കായി നിർമ്മിച്ച കെട്ടിടം മാത്രമല്ല, നഗരസഭയുടെ മുഴുവൻ സ്വത്തുക്കളും കൈയേറ്റക്കാരിൽ നിന്നും സംരക്ഷിക്കണമെന്നാണ് എൽ.ഡി.എഫിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. അതേസമയം, ജനപക്ഷ കൗൺസിലിലെ ബി.ജെ.പി അംഗം വളരെ ശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. 'കേരളകൗമുദി' വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ നഗരസഭ സെക്രട്ടറിയോട് കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടപടിയെടുക്കുമെന്ന് സെക്രട്ടറിയും ഉറപ്പ് നൽകി. എന്നാൽ ഇതുവരെ നടപടിയെടുക്കാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എ.സി. സന്തോഷ് കുമാർ പറഞ്ഞു.