samithy
ദേശീയപാത വികസനത്തിന്റെ പേരിൽ കൊവിഡിനിടയിലും കുടിയൊഴിപ്പിക്കൽ സർവേക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ചേരാനല്ലൂരിൽ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിക്കുന്നു

കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം ഭൂമി ഏറ്റെടുപ്പ് സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തിനെതിരെ ചേരാനല്ലൂരിൽ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തി. സർവേ നിറുത്തിവയ്ക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

ജനങ്ങൾ തൊഴിലും വരുമാനമാർഗങ്ങളും അടഞ്ഞു രോഗഭീതിയിൽ ആശങ്കയോടെ കഴിയുമ്പോൾ അന്തിയുറങ്ങുന്ന വീടുകളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുനിരത്തി തെരുവാധാരമാക്കുന്ന സർക്കാർ നടപടി പൈശാചികമാണെന്ന് സമരസമിതി ആരോപിച്ചു. മൂവായിരത്തോളം കുടുംബങ്ങളെ ആവർത്തിച്ചു കുടിയൊഴിപ്പിക്കുന്നതിനു പകരം നിലവിൽ ഏറ്റെടുത്ത് കൈക്കലാക്കിയിട്ടുളള 30 മീറ്റർ ഉപയോഗിച്ച് ആറുവരിപ്പാതയോ പത്തുവരി എലവേറ്റഡ് ഹൈവേയോ നിർമ്മിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജാഫർ മംഗളശേരി അദ്ധ്യക്ഷത വഹിച്ചു.

ചേരാനല്ലൂർ പഞ്ചായത്ത് അംഗം മെമ്പർ ആരിഫ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.ബി. നിയാസ്, ഹാഷിം ചേന്നാമ്പിള്ളി, വി.കെ. സുബൈർ, കെ.എസ്. സക്കരിയ, മുഹമ്മദ് അസ്ലം, എൻ.വി. ശിഹാബ്, കെ.ഡി. ലോറൻസ് എന്നിവർ പ്രസംഗിച്ചു.