കോലഞ്ചേരി: ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹന വകുപ്പും പൊലീസും പിഴ ഈടാക്കുന്നത് 'ഇ ചെല്ലാൻ' എന്ന പേരിൽ ഓൺ ലൈനാക്കി.
ഉദ്യോഗസ്ഥൻറെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ നൽകിയാൽ ഡ്രൈവറെയും വാഹനത്തെയും കുറിച്ചുള്ള എല്ലാ വിവിരങ്ങളും ഞൊടിയിടക്കുള്ളിലെത്തും.
ഓൺലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ്,ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടയ്ക്കാൻ കഴിയും. ഇങ്ങിനെ പിഴ അടയ്ക്കാൻ താൽപര്യമില്ലാത്തവരുടെ കേസ് വിർച്വൽ കോടതിയിലേയ്ക്ക് കൈമാറും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ ഏറെ സുഗമമാകും. ആദ്യ ഘട്ടത്തിൽ എറണാകുളത്ത് നടപ്പാക്കിയ സംവിധാനം വൈകാതെ മുഴുവൻ സ്റ്റേഷനുകളിലേയ്ക്കും വ്യാപിപ്പിക്കും. നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് സംവിധാനം വികസിപ്പിച്ചത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പിന്റെയും സഹകരണവും ഉണ്ടായിരുന്നു. പിഴ സംബന്ധിച്ച വിവരങ്ങൾ തത്സമയം തന്നെ മൊബൈലിലേയ്ക്ക് മെസ്സേജായും ലഭിക്കും. പിഴ ഒടുക്കാൻ തൽക്കാലം ഓൺലൈൻ വഴിയും പറ്റാത്തവർക്ക് echallan.parivahan.gov.in വെബ് സൈറ്റ് വഴി കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ പ്രിന്റായി ലഭിക്കും. പിഴ തുകയും ഇതേ വെബ്സൈറ്റിലടക്കാം. കേസ് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് ഏഴു ദിവസത്തിനകം യഥാർത്ഥ രേഖകളുമായി ഓഫീസുമായി ബന്ധപ്പെടാനും സൗകര്യമുണ്ട് .