# ഒപ്പം മറ്റൊരുതടവുകാരനും രക്ഷപെട്ടു
അങ്കമാലി: ജയിൽവകുപ്പിന്റെ കറുകുറ്റി കാർമൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞദിവസം ചാടിപ്പോയ പ്രതിയെ പിടികൂടി തടവിലാക്കിയെങ്കിലും ഒപ്പം മറ്റൊരാളുമായി വീണ്ടും രക്ഷപെട്ടു. വടയമ്പാടി ചെമ്മലകോളനി കണ്ടോളിക്കുടി സുരേഷാണ് (38) രണ്ടാമത്തെ പ്രാവശ്യവും രക്ഷപെട്ടത്. ഒപ്പം തലശേരി കതിരൂർ നാലാംമൈൽ റോസ്‌മഹൽ മിഷാലും (22) ഉണ്ടായിരുന്നു. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണ കേസിൽ റിമാൻഡിലായ പ്രതിയാണ് മിഷാൽ. തലശേരിയിലെ പീഡനക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കും നാലിനും ഇടയിലാണ് രക്ഷപെട്ടത്. ഇരുവരെയും ഒരു മുറിയിലാണു താമസിപ്പിച്ചിരുന്നത്. മുറിയുടെ വാതിലിന്റെ പൂട്ടു കർത്തു പുറത്തുകടന്ന പ്രതികൾ മറ്റൊരു വാതിലിലൂടെ കടന്നു ഗോവണി കയറി മുകളിലെത്തിയ ശേഷം കെട്ടിടത്തോടുചേർന്നു നിൽക്കുന്ന മരത്തിൽ കയറി താഴേക്ക് ഇറങ്ങുകയായിരുന്നു. പെരുമ്പാവൂർ, മൂവാറ്റുപുഴ, കോലഞ്ചേരി, പുത്തൻകുരിശ് പോലീസ് സ്റ്റേഷനുകളിലെ കേസുകളുമായി ബന്ധപ്പെട്ടു നാലുപ്രാവശ്യം സുരേഷ് കറുകുറ്റിയിലെ കൊവിഡ് സെന്ററിൽ എത്തിയിട്ടുണ്ട്. ഈ പരിചയത്തെതുടർന്നാണ് നിരീക്ഷണകേന്ദ്രത്തിൽ നിന്നു എളുപ്പത്തിൽ പുറത്തുകടന്നത്.