പള്ളുരുത്തി: പശ്ചിമകൊച്ചിക്കാർ എന്നും അവഗണനയുടെ ഇരകളാണ്. അധികാരികൾ തിരഞ്ഞെടുപ്പ് വരുമ്പോൾ മോഹനവാഗ്ദാനങ്ങളുമായി വെളുക്കെച്ചിരിച്ച് കൈകൂപ്പിവരും. ഫലം വന്നുകഴിഞ്ഞാൽ വികസനമെല്ലാം നഗരം കേന്ദ്രീകരിച്ചുമാത്രമാണെന്ന് പശ്ചിമകൊച്ചിക്കാർ ആരോപിക്കുന്നു. കുടിവെള്ളം, ഗതാഗതം, മികച്ച ആശുപത്രി സൗകര്യങ്ങൾ തുടങ്ങിയവ ഇവിടത്തുകാർക്ക് പേരിനുമാത്രമാണ്.

# മഴവന്നാൽ ചെളിയഭിഷേകം,

വെയിലേറ്റാൽ 'പൊടിപൂരം'

റോഡുകളുടെ കാര്യം പറയാനില്ല. യാത്രക്കാരുടെ നടുവൊടിച്ച് പശ്ചിമകൊച്ചിയിലെ റോഡുകൾ കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തോപ്പുംപടി ബി.ഒ.ടി, ഹാർബർ പാലം ഇറങ്ങി എങ്ങോട്ട് തിരിഞ്ഞാലും റോഡിൽ വൻ ഗർത്തങ്ങളാണ്. ഇടയ്ക്കിടെ മഴകൂടിപെയ്യുന്നതോടെ സംഗതി ജോർ. മഴയത്ത് ചെളിയഭിഷേകവും വെയിലത്ത് പൊടിപൂരവുമാണ് പലേടത്തും. ഫലത്തിൽ റോഡിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്.

കുമ്പളങ്ങി - കണ്ടക്കടവ് റോഡ് പലഭാഗങ്ങളിലും തകർന്ന് തരിപ്പണമാണ്. കോയാബസാർ, ഭജനമഠം, എട്ടുങ്കൽ, ഇല്ലിക്കൽ, പ്രിയദർശിനി തുടങ്ങിയ ഭാഗങ്ങളിൽ പലേടത്തും പേരിന് മാത്രമാണ് റോഡ്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമരം നടത്തി പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ ഉറപ്പുംവാങ്ങിപ്പോന്നിട്ടും തുടർന‌ടപടിയില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സമരമെന്ന് എൽ.ഡി.എഫുകാർ പരിഹസിക്കുന്നുണ്ടെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് റോഡുപണി വേഗത്തിലാക്കാൻ നീക്കം നടത്തുന്നില്ലെന്ന് നാട്ടുകാർ തിരിച്ചടിക്കുന്നു. കുമ്പളങ്ങളി - എഴുപുന്ന റോഡിന്റെ തുടക്കത്തിൽ റോഡിൽ ടാറിംഗ് ഇളികി വൻ കുഴിയായി മാറിക്കൊണ്ടിരിക്കുന്നു. തോപ്പുംപടി, മരുന്നുകട, പെരുമ്പടപ്പ്, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ റോഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

തോപ്പുംപടി ഹാർബർ പാലത്തിലെ ഗർത്തങ്ങൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തകൻ ജലീൽ റോഡിലെ കുഴിയിൽ കിടന്ന് സമരം നടത്തി. രോഗഭീതിയുടെ പശ്ചാത്തലത്തിൽ പലരും സ്വന്തം വാഹനങ്ങൾ പുറത്തിറക്കിയതോടെ ടൂവീലറുകളുടെ എണ്ണം വർദ്ധിച്ചു.

# ഞായറാഴ്ച യാത്ര അതികഠിനം

ലോക്ക് ഡൗണിന് ശേഷം സ്വകാര്യബസുകൾ ഓടിത്തുടങ്ങിയെങ്കിലും ഞായറാഴ്ചകളിൽ പശ്ചിമകൊച്ചിയിൽ ബസുകൾ നിരത്തിലിറങ്ങാറില്ല. ഓട്ടോയോ കാറോപിടിച്ച് വൻതുക മുടക്കി സ്ഥലത്തെത്തേണ്ട ഗതികേടിലാണ് നാട്ടുകാർ. നിലവിൽ നഷ്ടംകാരണം പേരിന് മാത്രമാണ് ബസ് സർവീസ്. അതും അവർക്ക് തോന്നിയ സമയങ്ങളിലാണ് സർവീസ്. രാത്രി ഏഴോടെ ഉള്ള സർവീസുകളും നിലയ്ക്കും. കെ.എസ്. ആർ.ടി.സി ആകട്ടെ പശ്ചിമകൊച്ചിയോടുളള അയിത്തം തുടരുകയാണ്. ഇതെല്ലാം ശരിയാക്കേണ്ട ജനപ്രതിനിധികൾ ഉറക്കത്തിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.