fousia

രണ്ടാമതും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വൻവിജയം

കൊച്ചി: ഹൃദയതാളം തെറ്റിയില്ല. പുതു ജന്മത്തിലേക്ക് പിച്ചവച്ച് കണ്ണൂർ സ്വദേശിനി ഹൗസിയ. കൃത്രിമവാൽവുകളിലെ പഴുപ്പ് മൂലം അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നടത്തിയ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. അസോസിയേറ്റ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ഡോ. മൂസാകുഞ്ഞി, സീനിയർ കൺസൾട്ടന്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. സുരേഷ് ജി. നായർ എന്നിവരായിരുന്നു സർജറിക്ക് നേതൃത്വം നൽകിയത്.

നാല് വർഷങ്ങൾക്ക് മുമ്പ് ഫൗസിയയുടെ രണ്ട് ഹൃദയ വാൽവുകൾ മാറ്റിവച്ചിരുന്നു. മൂന്നാമത്തെ വാൽവിൽ ശസ്ത്രക്രിയയും നടത്തി. എന്നാൽ ആറ് മാസം മുമ്പ് കടുത്ത പനിബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാറ്റിവച്ച രണ്ട് വാൽവുകളിലും പഴുപ്പുള്ളതായി കണ്ടെത്തിയത്. ആന്റിബയോട്ടിക്കുകളോടും മറ്റ് മരുന്നുകളോടും ഒട്ടും പ്രതികരിക്കാതെ വന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെടുകയും ശരീരം പൂർണമായി ശോഷിക്കുകയും ചെയ്തു. സ്ഥിതി വഷളാക്കി ന്യൂമോണിയയും ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായി. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും അവിടുത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യാൻ തയ്യാറായില്ല. തുടർന്നാണ് ഫൗസിയ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തുന്നത്.

സുപ്പീരിയർ വെന കാവ എന്ന ഏറ്റവും വലിയഞരമ്പിൽ അണുബാധയേറ്റ് കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി രോഗിയുടെ ശരീരോഷ്മാവ് 20-25 ഡിഗ്രിയിൽ നിലനിർത്തി രക്തചംക്രമണവും തലച്ചോറിന്റെ പ്രവർത്തനവും നിശ്ചിത സമയത്തേക്ക് നിർത്തി വെക്കേണ്ടിവന്നു (ഹൈപ്പോതെർമിക് സർക്കുലേറ്ററി അറസ്റ്റ്). വാൽവുകളിലെ പഴുപ്പും ന്യൂമോണിയയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമിടയിൽ ഇത്തരമൊരു ശസ്ത്രക്രിയ സങ്കീർണത നിറഞ്ഞതായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച ഐസിയുവിൽ കഴിഞ്ഞ ഫൗസിയ പൂർണ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

ഫൗസിയയുടെ അപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ ശസ്ത്രക്രിയയെന്നത് വളരെയധികം സാഹസികമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ രക്തസ്രാവമുണ്ടാകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നിരുന്നാലും 11 മണിക്കൂർ നീണ്ട ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിൽ രണ്ട് ഹൃദയ വാൽവുകൾ രണ്ടാം തവണയും മാറ്റിവെയ്ക്കുകയും മൂന്നാമത്തെ വാൽവിന്റെ ശസ്ത്രക്രിയ വിജയകരമായി പരിഹരിക്കാനും സാധിച്ചു.

ഡോ. മൂസാ കുഞ്ഞി

ആസ്റ്റർ മെഡ്സിറ്റി