മൂവാറ്റുപുഴ: 15 ലക്ഷം ഫലവൃക്ഷ തൈകൾ റെഡി. ഇനി വിതരണം ചെയ്യേ വേണ്ടു ! സർക്കാർ ആവശ്യാനുസരണം ഏറ്റെടുത്ത പദ്ധതി ആദ്യഘട്ടം പൂർത്തിയായ സന്തോഷത്തിലാണ് നടുക്കര ഹൈടെക്ക് പച്ചക്കറി ഉത്പാദന കേന്ദ്രം. ഒരു കോടി ഫലവൃക്ഷ തൈകളാണ് സർക്കാർ ഉത്പാദന കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിരിക്കുന്നത്. ഈ മാസം 30 വൃക്ഷത്തൈകൾ സർക്കാർ ഏറ്റുവാങ്ങും. സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലേക്കും മറ്റുമാണ് ഇവ എത്തുക.
2017 ഡിസംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നടുക്കര ഹൈടെക്ക് പച്ചക്കറി കേന്ദ്രം ഉദ്ഘാടനം ചെയ്തത്.കൃഷി വകുപ്പിന്റെ കീഴിൽ വി.എഫ്.പി.സി.കെ.യുടെ മേൽ നോട്ടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. കൃഷി വകുപ്പിന് കീഴിലുള്ള കേരളത്തിലെ ഏക ഹൈടെക് തൈ ഉത്പാദന കേന്ദ്രമാണ്.
നാലേക്കർ 90 സെന്റ് സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പൂർണമായും ഹൈടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 1536 സ്‌ക്വയർ മീറ്ററുള്ള നാല് വലിയ പോളിഹൗസുകളാണ് ഇവിടെയുളളത്. കൂടാതെ വിത്തുകൾ നടുവാനുള്ള ഓട്ടോമേറ്റഡ് സ്വീഡിംഗ് മെഷീൻ, വളം നൽകാനുളള ഫെർട്ടിഗേഷൻ യൂണിറ്റ്, ഓട്ടോമാറ്റിക് കാലാവസ്ഥാനിലയം, താപവും ഈർപ്പവും നിശ്ചിത അളവിൽ പോളിഹൗസുകളിൽ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളടക്കം ഇവിടെയുണ്ട്.
ചകിരിച്ചോറും പെർക്കുലേറ്ററും വെർമിക്കുലേറ്ററും ചേർന്നുള്ള നടീൽ മിശ്രിതം തയ്യാറാക്കുന്നത് മുതൽ പ്രോട്രേകളിൽ നിറച്ച് വിത്തിടുന്നതും വിതരണത്തിന് തയ്യാറാവുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഹൈടെക് മയമാണ് ഇവിടം. കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാവുന്ന മുളക്, തക്കാളി, വഴുതന, പയര്‍, ചീര തുടങ്ങി 23 ഇനം പച്ചക്കറി വിത്തുകൾ മുളപ്പിച്ച് തൈകളാക്കുന്നത് കൂടാതെ ശീതകാല സീസൺ പച്ചക്കറി തൈകളും ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലുമായി കൃഷിഭവനുകൾ, സന്നദ്ധ സംഘടനകൾ, വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതികൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ എൻ.ജി.ഒകൾ തുടങ്ങി വിവിധ തുറകളിലായാണ് ഇവിടെ നിന്നും തൈകൾ എത്തിക്കുന്നത്.
കൊവിഡ് വ്യാപനം തൈ വിതരണത്തിന്റെ വേഗത അൽപ്പം കുറച്ചു. ലോക് ഡൗൺ കാലത്ത് വലിയൊരു വിഭാഗം ജനങ്ങൾ കൃഷിയിലേക്ക് തിരിഞ്ഞത് നടുക്കര പച്ചക്കറി ഉത്പാദന കേന്ദ്രത്തിന് നേട്ടമായി. ഈ മാസങ്ങളിൽ മൂന്ന് ലക്ഷം രൂപയുടെ തൈകൾ വിറ്റഴിക്കാൻ കഴിഞ്ഞു.
ബിമൽ റോയി
മാനേജർ
നടുക്കര പച്ചക്കറി
ഉത്പാദന കേന്ദ്രം