ആലുവ: കടുങ്ങല്ലൂരിൽ ഗാന്ധി ദർശൻ വേദിയുടെ പേരിൽ ഐ ഗ്രൂപ്പ് സ്ഥാപിച്ച ഫ്ളക്സ് ബോർഡിൽ എ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള മണ്ഡലം കമ്മിറ്റി പതിച്ച ഫ്ളക്സ് നിർബന്ധപൂർവ്വം നീക്കിയത് ഗ്രൂപ്പ് പോര് മൂർച്ച കൂട്ടി.
കഴിഞ്ഞ ദിവസം രാത്രി മുപ്പത്തടം കവലയിലാണ് സംഭവം. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയത്തിനെതിരെ മണ്ഡലം കമ്മിറ്റി ഇന്ന് നടത്തുന്ന ഉപരോധ സമരത്തിന്റെ ഫ്ളക്സുകളാണ് ബോർഡിൽ എ ഗ്രൂപ്പുകാർ പതിക്കാൻ ശ്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഐ ഗ്രൂപ്പുകാർ ഇത് തടയുകയായിരുന്നു. ഇതിനകം സ്ഥാപിച്ച ബോർഡിൽ നിന്നും ഫ്ളക്സുകൾ നീക്കുകയും ചെയ്തു. കെ.പി.സി.സി നിലപാടുകളുമായി ബന്ധപ്പെട്ട് പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചാണ് ഗാന്ധി ദർശൻ ബോർഡ് സ്ഥാപിച്ചിരുന്നത്. രണ്ടാഴ്ച്ച മുമ്പ് കോൺഗ്രസ് മണ്ഡലം - ബ്ളോക്ക് കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടാണ് ഗ്രൂപ്പ് പോര് ശക്തമായത്. വെസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം ഉന്തിലും തള്ളിലും കലാശിച്ചതിനെ തുടർന്ന് ഡി.സി.സിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.