കൊച്ചി: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരസംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി, ആലപ്പുഴ രൂപതകൾ കെ.ആർ.എൽ.സി.സിയുടെ നേതൃത്വത്തിൽ കെയർ ചെല്ലാനം എന്ന പ്രസ്ഥാനത്തിന് രൂപംകൊടുത്തു.
തീരസംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി സംസ്ഥാന സർക്കാരിന് സമർപ്പിച്ച ജനകീയരേഖയിലെ നിർദേശങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും കടൽ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിലുമാണ് രക്ഷാധികാരികൾ. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജിനെ ജനറൽ കൺവീനറായി തിരഞ്ഞെടുത്തു. 30 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും 100 പേരടങ്ങുന്ന ജനറൽ കൗൺസിലുമുണ്ട്. കെയർ ചെല്ലാനം ഓഫീസ് ഇന്ന് വൈകിട്ട് 4ന് മറുവക്കാട് ലിറ്റിൽ ഫ്ലവർ പള്ളിയങ്കണത്തിൽ കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. പ്രസിഡന്റും കൊച്ചി ബിഷപ്പുമായ ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ മുഖ്യപ്രഭാഷണം നിർവഹിക്കും. ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്‌സി എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 2.30 മുതൽ ജനകീയരേഖ വിശദീകരിക്കുന്ന പഠനശിബിരവും നടത്തും.