
കരുമാല്ലൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിലെ റിപ്പബ്ലിക് കനാൽ റോഡിന്റെയും പള്ളിതോടിന്റെയും സുരക്ഷക്കായി ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച ബണ്ട് പൊളിച്ച് നീക്കണമെന്ന പരാതിയിൽ സബ് കളക്ടർ ഡോ. ഹാരിസ് റഷീദ് പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു. തോട് കൈയേറി പഞ്ചായത്ത് അധികൃതർ റോഡിന് വീതികൂട്ടിയെന്നും ഇതുമൂലം തോടിലെ നീരൊഴുക്ക് തടസപ്പെട്ടെന്നുമാണ് പരാതി. പ്രദേശത്ത് നിരവധി അപകടങ്ങൾ നടന്നതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ബണ്ട് നിർമ്മാണം ആരംഭിച്ചത്. ബണ്ടിന്റെ നിർമ്മാണ ഘട്ടത്തിൽ നീരൊഴുക്ക് തടസപ്പെടുകയോ സമീപത്ത് വെള്ളക്കെട്ടോ ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പേ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച തോടിന് കുറുകെയുള്ള ഒന്നര മീറ്റർ മാത്രം വീതിയുള്ള കലുങ്കും വർഷങ്ങൾക്കു മുമ്പ് റോഡിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക്ക് പോസ്റ്റും ട്രാൻസ്ഫോമറും നാട്ടുകാർ സബ് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വാർഡ് മെമ്പർ എ.എം. അലി, വില്ലേജ് ഓഫീസർ രാജീവ്, പഞ്ചായത്ത് അസി. സെക്രട്ടറി മോളി, ഗ്രാമസഭാ കോ ഓഡിനേറ്റർ ബിന്ദു ഗോപി, സംരക്ഷണ സമിതി മുഖ്യരക്ഷാധികാരി എ.എം. അബൂബക്കർ തുടങ്ങിയവർ സബ് കളക്ടർക്കൊപ്പമുണ്ടായിരുന്നു.