tea

കോലഞ്ചേരി: കൊടിയുടെ നിറവും പാർട്ടിയും ഗ്രൂപ്പും ഈ കടയിലെത്തും വരെ മാത്രം. കടയ്ക്കുള്ളിൽ കയറിയാൽ ചായയും രുചിയേറും പലഹാരവും മാത്രം ചർച്ച. രാഷ്ട്രീയക്കാരുടെ ഇഷ്ടഭക്ഷണ കേന്ദ്രങ്ങളിലൊന്നായ പട്ടിമറ്റത്തെ സദാനന്ദന്റെ ചായക്കട ആറു പതിറ്റാണ്ട് പിന്നിട്ടു. റോഡ് വികസനത്തിന്റെ ഭാഗമായി രണ്ടിടങ്ങളിലേയ്ക്ക് മാറിയതൊഴിച്ചാൽ കടയിലെ മെനുവോ, പ്രവർത്തന രീതിയ്ക്കോ ഒരു മാറ്റവുമില്ല. നിലവിൽ ഗുരുമണ്ഡപത്തിന് സമീപമാണ് കട.

കൈപ്പുണ്യം കൈമുതലാക്കി പിതാവ് പൊത്താംകുഴിയിൽ കൃഷ്ണനാണ് ഇന്നത്തെ പട്ടിമറ്റമാകുന്നതിനും കാലങ്ങൾക്കു മുമ്പേ 1960ൽ ടൗണിലൊരു ചായപ്പീടിക തുറന്നത്. ദോശയും ചമ്മന്തിയും, പരിപ്പുവട, ഉഴുന്നുവട, പപ്പടവട, പഴബോളി എന്നിവയായിരുന്നു മെനു. അതിന് ഇന്നും മാറ്റമില്ല. അച്ഛനു കൈത്താങ്ങായി പത്താം വയസിൽ കടയിലെത്തിയതാണ് സദാനന്ദൻ. ഇവിടുത്തെ പലഹാര രുചിക്കൊപ്പമെത്താൻ പരിശ്രമിച്ചവരൊക്കെ പത്തി മടക്കി. രഹസ്യം പിതാവ് പകർന്ന കൈപ്പുണ്യമെന്നാണ് സദാനന്ദന്റെ പക്ഷം. ബർഗറും, പിസ്സയും സാൻഡ് വിച്ചും യുവതലമുറയുടെ പുതിയ രുചികളാണെങ്കിലും വൈകിട്ട് 'സദൂന്റെ' പലഹാരങ്ങൾ അവർക്കിന്നും ഹരമാണ്. ന്യൂ ജെൻ ഭാഷയിൽ നൊസ്റ്റാൾജിക് ഫുഡാണിത്.

സാധാരണക്കാരൻ മുതൽ മന്ത്രി വരെ

നാട്ടുകാരെല്ലാം സദാനന്ദന്റെ ചായക്കടയിൽ വരാറുണ്ടെങ്കിലും രാഷ്ട്രീയക്കാരുടെ പ്രിയ കേന്ദ്രമാണിത്. 1989 ൽ മുൻ മന്ത്രി ടി.എച്ച് മുസ്തഫയ്ക്ക് നടുവിനുള്ള അസുഖചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകണം. ആലുവയിൽ നിന്ന് ട്രയിൻ മാർഗം പോകാനായി അദ്ദേഹം ബന്ധുക്കളുമായെത്തി. അന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന എ.പി കുഞ്ഞുമുഹമ്മദിനെ അടുത്ത് വിളിച്ച് ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. പെട്ടെന്ന് അവിടെ നിന്ന് പോയ കുഞ്ഞുമുഹമ്മദ് ഒരു മണിക്കൂറിനകം സദാനന്ദന്റെ കടയിൽ നിന്ന് ഒരു പരിപ്പുവടയുമായി വന്നു. അത് കഴിച്ചാണ് മുസതഫ ചെന്നൈയ്ക്ക് വണ്ടി കയറിയത്.

മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണ്ണാണ്ടസ്, 1982 ൽ കുന്നത്തുനാട് നിയമസഭ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് കാലത്ത് മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ അങ്ങനെ പട്ടിമറ്റത്ത് വിവിധ പരിപാടികൾക്കായി വന്നു പോയ പ്രമുഖ നേതാക്കൾ വീണ്ടുമെത്തുമ്പോൾ അന്വേഷിച്ച ഏക ചായക്കടയും ഇതു തന്നെ. മുൻ എം.എൽ.എമാരായ പി.പി എസ്തോസ്, പി.ആർ ശിവൻ എന്നിവരും എ.പി വർക്കി, ഗോപി കോട്ടമുറിയ്ക്കൽ, സി.എൻ മോഹനനുമടക്കം ഇവിടുത്തെ രുചി പരീക്ഷിച്ചവരാണ്. എം.എൽ.എ മാരായിരുന്ന പി.പി തങ്കച്ചൻ, ടി.എച്ച് മുസ്തഫ, എം.പി വർഗീസ് ഇപ്പോഴത്തെ എം.എൽ.എ വി.പി സജീന്ദ്രനടക്കം പട്ടിമറ്റം വഴി പോയാൽ ഇവിടെ കയറാതിരിക്കില്ല. അന്നന്ന് ഉണ്ടാക്കുന്ന പലഹാരങ്ങൾ അന്നുതന്നെ വിറ്റു തീരും. രാവിലെ തുറക്കുന്ന കടയിൽ വില്പന വൈകിട്ടു മാത്രം. പലഹാര നിർമ്മാണവും വില്പനയും കടയുടമ തന്നെ. ചീനച്ചട്ടിയൽ വിറകടുപ്പിൽ വെളിച്ചെണ്ണയിലാണ് പാചകം. ഇപ്പോൾ സഹായിക്കാൻ ഭാര്യയുമുണ്ട്. അറേബ്യനും, ചൈനീസും, ഇറ്റാലിയനും, നോർത്തും, സൗത്തും, കുഴിമന്തിയും അടക്കി വാഴുന്ന ഭക്ഷണ മേഖലയിൽ അന്നും ഇന്നും വ്യത്യസ്തമാണ് ഈ കട. കൊവിഡ് കാലമായതിനാൽ കടയിലിരുന്ന് കഴിപ്പ് കുറഞ്ഞെങ്കിലും പാഴ്സൽ വാങ്ങാനെത്തുന്നവർ നിരവധിയാണ്.