അങ്കമാലി:നെടുമ്പാശേരി എയർപോർട്ട് അനുബന്ധ പദ്ധതിയുടെ ഭാഗമായി കോസ്റ്റ് ഗാർഡിന്റെ ഇൻഫ്രാസ്ട്രക്ചർ വകുപ്പ് സ്ഥലം ഏറ്റെടുക്കുമ്പോൾ മുറിഞ്ഞ് പോകുന്ന ആവണംകോട് ലിഫ്ട് ഇറിഗേഷന്റെ കുഴിയറ പ്രദേശത്തെ ജലസേചന സൗകര്യം പുന:സ്ഥാപിക്കുമെന്ന് ജലസേചന വകുപ്പ് എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കനാലിൽ നിന്ന് സ്പൗട്ട് മുഖേന കുഴിയറ റോഡരികിലുള്ള കാനവഴി വെള്ളം എത്തിക്കാനുള്ള പദ്ധതിയ്ക്കാണ് അംഗീകാരം കിട്ടിയത്. നഗരസഭ പരിധിയിലുള്ള ഇരുന്നൂറോളം കുടുംബങ്ങളുടെ കൃഷിക്കും കുടിവെള്ളാവശ്യങ്ങൾക്കും ഇതോടെ പരിഹാരമാകും . മുഖ്യമന്ത്രി പിണറായി വിജയന് വാർഡ് കൗൺസിലർ വിനീത ദിലീപ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം . നഗരസഭ എത്രയും വേഗം എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുമെന്നും ചെയർ പേഴ്‌സൺ എം എ ഗ്രേസി ടീച്ചറും അറിയിച്ചു.