കൊച്ചി: വൃന്ദാവൻ പട്ടയമെന്നപേരിൽ അറിയപ്പെടുന്ന മൂന്നാറിലെ റിസോർട്ട് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി അനുമതി നൽകി.
പട്ടയ വ്യവസ്ഥകൾ ലംഘിച്ചതിനാൽ 17.5 ഏക്കർ ഭൂമിയുടെ പട്ടയങ്ങൾ ആർ.ഡി.ഒ റദ്ദാക്കിയിരുന്നു. ഇതുശരിവച്ച് ജില്ലാ കളക്ടറും ലാൻഡ് റവന്യു കമ്മിഷണറും ഉത്തരവാകുകയും ചെയ്തു. ഭൂമി വാങ്ങിയ റിസോർട്ട് ഉടമയും മറ്റും ഈ നടപടികളെ ചോദ്യംചെയ്ത് നൽകിയ ഹർജികൾ തള്ളിയാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
1993 ലാണ് ഏഴുപേർക്ക് പട്ടയം നൽകിയത്. ഇവർ ഒരു വർഷത്തിനകം ഭൂമി മറിച്ചുവിറ്റു. പട്ടയവ്യവസ്ഥ ലംഘിച്ചെന്നും അർഹതയില്ലാത്തവർക്കാണ് പട്ടയം നൽകിയതെന്നും കണ്ടെത്തിയതോടെ ഇതു റദ്ദാക്കി ആർ.ഡി.ഒ 2002ൽ ഉത്തരവിറക്കി. ലാൻഡ് റവന്യു കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് ഹർജിക്കാർ അപ്പീൽ നൽകിയെങ്കിലും അനുവദിച്ചില്ല. 2010 ലാണ് ഹൈക്കോടതിയെ സമീപിച്ചത്.