തൃപ്പൂണിത്തുറ: രാജനഗരിയിലേക്കുള്ള കൊച്ചിമെട്രോയുടെ നിർമ്മാണം ശരവേഗത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ തൃപ്പൂണിത്തുറക്കാർ ആശങ്കയിലാണ്. മെട്രോ തൃപ്പൂണിത്തുറ തൊടുമ്പോൾ നഗരത്തിനോട് ചേർന്നുള്ള അനുബന്ധ റോഡുകളെല്ലാം നവീകരണം കാത്ത് കിടക്കുന്ന സ്ഥിയുണ്ടായാൽ ഇത് വൻ ഗതാഗത കുരിക്കിന് കാരണമാകുമെന്നതാണ് ആശങ്കയ്ക്ക് കാരണം. രാജഭരണ കാലത്ത് നിർമ്മിച്ച റോഡുകളാണ് തൃപ്പൂണിത്തുറയിലുള്ളത്. പുതിയ ബസ് ടെർമിനൽ ഇനിയും യാഥാർത്ഥ്യമായില്ല. വർദ്ധിക്കുന്ന ഗതാഗത തിരക്കിനെ ഉൾക്കൊള്ളുന്ന വിധത്തിൽ റോഡുകളുടെ വികസനവും സാദ്ധ്യമായിട്ടില്ല. നഗരം ഇപ്പോഴും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാഴ്ചയാണ്. പേട്ട മുതൽ കിഴക്കേകോട്ട വരെ വാഹനങ്ങൾ എത്തുവാൻ അരമണിക്കൂർ വേണം. വൈക്കം റോഡ് വികസനം ഇനിയും നടന്നിട്ടില്ല. സ്ഥലമെടുപ്പിന്റെ ഭാഗമായ നടപടികൾ നടന്നുവരുന്നതേയുള്ളു.
വികസനം അകലെ
തൃപ്പൂണിത്തുറയിൽ പുതിയതായിനിർമ്മിക്കപ്പെട്ട ഏക റോഡ് മിനി ബൈപാസാണ്. ഈ റോഡിലും ഗതാഗത കുരുക്കാണ്.നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി സ്റ്റാച്ചുവിലും കിഴക്കേകോട്ട ജംഗ്ഷനിലും കടകൾ പൊളിച്ചുനീക്കി റോഡ് വീതി കൂട്ടിയെങ്കിലും ഈ സ്ഥലം ഇപ്പോൾ അനധികൃത കച്ചവട കേന്ദ്രമാണ്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈക്കം റോഡ് വികസനം മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ നിർമ്മാണത്തിനുള്ള അനുമതിയായി. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ തുടങ്ങിയതല്ലാതെ മറ്റു നടപടികൾ ഇനിയും നടന്നിട്ടില്ല.കിഴക്കൻ മേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരമായി മൂന്നു പതിറ്റാണ്ട് മുമ്പ് കൊണ്ടുവന്ന തൃപ്പൂണിത്തുറ - മറ്റക്കുഴി കുണ്ടന്നൂർ ബൈപാസ് തിരുവാങ്കുളം ഭാഗത്ത് സ്ഥലം ഏറ്റെടുത്തുവെങ്കിലും പദ്ധതി സ്തംഭിച്ച നിലയിലാണ്. എരൂർ കണിയാമ്പുഴ റോഡ് ,സീപോർട്ട് എയർപോർട്ട് റോഡ് വികസനം എന്നിവയും യഥാർത്ഥ്യമായില്ല.
വേണം നഗരത്തിന്
പുറത്തേയ്ക്കുള്ള വികസനം
വികസനം നഗരത്തിന് പുറത്തേയ്ക്കു കൊണ്ടു പോകുന്നതിനുള്ള പദ്ധതികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കിഴക്ക് തിരുവാങ്കുളം വരെയും തെക്ക് പുതിയകാവ് വരെയും എത്തുന്ന വികസന രീതിയാണ് വേണ്ടതെന്നും ഇവർ പറയുന്നു.
മെട്രോ റെയിൽ എത്തുന്നതിന്റെ മുന്നോടിയായി വൈക്കം റോഡ് വികസനം ആദ്യം പൂർത്തിയാക്കും.മറ്റു റോഡുകൾ മുൻഗണനാക്രമത്തിൽ ഓരോന്നായി ഏറ്റെടുക്കും.
എം. സ്വരാജ് എം.എൽ.എ
ബസ് ടെർമിനലിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ടെർമിനൽ വരുന്ന ഭാഗം മെട്രോ ഏറ്റെടുക്കുന്നുണ്ട്. മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സ്ഥലം നഗരസഭയും ഏറ്റെടുക്കും.
ചന്ദ്രികാദേവി
നഗരസഭ ചെയർപേഴ്സൺ
ബസ് ടെർമിനലും , പുതിയ റോഡും യാഥാർത്യമാക്കുക എന്നതാണ് ആദ്യത്തെ കടമ്പ. റെയിൽവെ സ്റ്റേഷൻ മുതൽ കിഴക്കേകോട്ട വരെയുള്ള റോഡിന്റെ വികസനവും അനിവാര്യമാണ്. കൂടാതെ മുഴുവൻ ദീർഘ ദൂര ട്രെയിനുകൾക്കും തുപ്പുണിത്തുറയിൽ സ്റ്റോപ്പുകളും വേണം.
ജയേന്ദ്രൻ വി.സി
കൺവീനർ
ട്രുറ