hc

കൊച്ചി: സംസ്ഥാനത്തെ ബി.ഫാം അവസാനവർഷ പരീക്ഷ യു.ജി.സി നിഷ്‌കർഷിച്ച സമയത്ത് നടത്താനായി ആരോഗ്യ സർവകലാശാലയോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകി. കോട്ടയം മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഫാം വിദ്യാർത്ഥി അഞ്ജന എൽസ വിജു ഉൾപ്പെടെ 11 വിദ്യാർത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഏപ്രിൽ 20ന് പരീക്ഷ നടത്താൻ സർവകലാശാല നിശ്ചയിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിനെത്തുടർന്ന് നടന്നില്ല. വീണ്ടും വിജ്ഞാപനം ഇറക്കിയെങ്കിലും ലോക്ക്ഡൗൺ നീണ്ടതിനാൽ നടത്താനായില്ല. ഒടുവിൽ സെപ്തംബർ 30നകം പരീക്ഷ നടത്താൻ യു.ജി.സി നിർദേശിച്ചെങ്കിലും ഇതുവരെ ആരോഗ്യ സർവകലാശാല നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. എസ്.എസ്.എൽ.സി, പ്ളസ് ടു ഉൾപ്പെടെ പരീക്ഷകൾ നടത്തി ഇതിനകം ഫലം പ്രഖ്യാപിച്ചിരുന്നെന്നും ബി.ഫാം പരീക്ഷ മാത്രം നീട്ടുന്നതിന് ന്യായീകരണമില്ലെന്നും ഹർജിക്കാർ ആരോപിക്കുന്നു.