തൃക്കാക്കര : ജില്ലയിൽ കാർഷിക മൃഗസംരക്ഷണ മേഖലയിൽ മികച്ച പുരോഗതി. 2.32 ലക്ഷം ഗുണഭോക്താക്കൾ പദ്ധിയുടെ ഭാഗമായി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ പദ്ധതി നടപ്പാക്കിയത്. ഇതിനോടകം 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. മത്സ്യമേഖലയിലും കാർഷികമേഖലയിലും സംയോജിത പദ്ധതികൾ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ ജലസ്രോതസുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകനയോഗം പദ്ധതി മികച്ചരീതിയിൽ മുന്നേറുന്നതായി വിലയിരുത്തി. അടുത്ത മാസങ്ങളിൽ പദ്ധതിക്ക് കീഴിലെ ആദ്യഘട്ട വിളവെടുപ്പ് നടക്കും. വിളവെടുപ്പ് സമയത്ത് മികച്ച ആസൂത്രണത്തോടെയുള്ള വിപണി ഇടപെടൽ സാദ്ധ്യമാക്കും. 896.26 ഹെക്ടർ തരിശ് നെൽകൃഷി, 2463.63 ഹെക്ടറിൽ സ്ഥിരം നെൽകൃഷി,49.78 ഹെക്ടറിൽ കരനെൽകൃഷി,490.95 ഹെക്ടറിൽ തരിശ് പച്ചക്കറികൃഷി, 431.02 ഹെക്ടറിൽ സ്ഥിരം പച്ചക്കറികൃഷിയടക്കമാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യുന്നത്.


മൃഗസംരക്ഷണ മേഖലയിൽ 279 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ക്ഷീരമേഖലയിൽ പാൽ ഇൻസെന്റീവ് വിതരണം രണ്ട് മാസത്തിനകം പൂർത്തിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉരുക്കളെ ഓൺലൈനിലൂടെ വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കാർഷികമേഖലയിൽ നിലമൊരുക്കൽ, ജലസേചന പദ്ധതികൾ, തൊഴുത്തു നിർമ്മാണം, മത്സ്യക്കുളം നിർമ്മാണം എന്നിവയും പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾ 67 ഹെക്ടർ തരിശ്്ഭൂമി കൃഷി യോഗ്യമാക്കിയിട്ടുണ്ട്.