ആലുവ: പെരിയാറിൽ നിന്ന് അനധികൃതമായി മണൽവാരി കടത്താനുള്ള ശ്രമത്തിനിടെ രണ്ട് ദിവസങ്ങളിലായി നാല് പേർ പൊലീസിന്റെ പിടിയിലായി. മണൽകയറ്റിയ രണ്ട് മിനിലോറികളും കസ്റ്റഡിയിലെടുത്തു. ലോറിഉടമകളും കൊല്ലം സ്വദേശികളുമായ നൗഷാദ്, ഷെറിൻ മുഹമ്മദ് എന്നിവരും മണൽവാരൽ തൊഴിലാളികളും കുഞ്ഞുണ്ണിക്കര സ്വദേശികളുമായ സനൽ ഫ്രാൻസിസ്, അൻസാർ എന്നിവരുമാണ് പിടിയിലായത്. ആദ്യ ദിവസമാണ് ഷെറിനും സനലും പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് മറ്റ് രണ്ടുപേരും പിടിയിലായത്.

ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അർദ്ധരാത്രിയിലാണ് കുഞ്ഞുണ്ണിക്കര കടവിൽനിന്നും രണ്ട് ലോറികളും പിടികൂടിയത്. പൊലീസ് രഹസ്യമായി സ്ഥലത്തെത്തുമ്പോൾ പെരിയാറിന് നടുവിൽ പ്രതികൾ വഞ്ചിയിൽ മണൽ വാരിക്കൊണ്ടിരിക്കുകയായിരുന്നു. മാറിനിന്ന പൊലീസ് മണൽ കടവിലെത്തിച്ച് ലോറിയിലേക്ക് കയറ്റിയശേഷമാണ് പിടികൂടിയത്. ഒരു ലോഡിന് 60,000 മുതൽ 70,000 രൂപ വരെ ഈടാക്കിയാണ് കൊല്ലത്ത് മണൽ വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏറെക്കാലമായി അനധികൃത മണൽവാരൽ നിലച്ചിരിക്കുകയായിരുന്നു. പൊലീസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചത് മുതലടെുത്താണ് മണൽമാഫിയ വീണ്ടുംരംഗത്തെത്തിയത്.