പെരുമ്പാവൂർ: കണ്ടെയ്ൻമെന്റ് സോണാക്കിയ മുടക്കുഴ 13ാം വാർഡിൽ മൂന്ന് ദിവസമായി കുടിവെളളം കിട്ടാക്കനി. കഴിഞ്ഞ ദിവസം പ്രദേശത്തെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടം കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇളമ്പകപ്പിള്ളി മില്ലുകവലക്ക് സമീപത്തുളളവർക്കാണ് ഇരുട്ടടി എന്നോണം മൂന്ന് ദിവസമായി കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നു. ഇവിടെ മിക്കവാറും വീട്ടുകാർ ഹോം ക്വാറന്റൈയിനിലായതിനാൽ വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇതുസംബന്ധിച്ച് അധികൃതരെ അറിയിച്ചിട്ട് യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.വാട്ടർ അതോറിറ്റിയുടെ പെരുമ്പാവൂർ സെക്ഷനാണ് ഈ പ്രദേശത്തേക്കുള്ള കുടിവെള്ളം വിതരണത്തിന്റെ ചുമതല .എത്രയും വേഗം കുടിവെള്ളം എത്തിക്കുന്നതിന് പരിഹാരം ഉണ്ടാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോഷി തോമസ് ആവശ്യപ്പെട്ടു.