തൃക്കാക്കര: നിയമത്തെ നോക്കുകുത്തിയാക്കി ഭൂമി തരം മാറ്റുന്ന മാഫിയ സംഘം സജീവം. തൃക്കാക്കര,കുടിലിമുക്ക് ജംഗ്ഷനുകളിൽ കൂറ്റൻ പരസ്യ ഫ്‌ലക്‌സുകൾ സ്ഥാപിച്ചാണ് സംഘം ആളുകളെ കുഴിയിൽ വീഴ്ത്തുന്നത്. മാസങ്ങൾക്ക് മുമ്പ് എളംകുളം,പറവൂർ മേഖലകളിൽ സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യം മുതലെടുത്താൻ ഭൂമാഫിയ സംഘം വീണ്ടും രംഗത്ത് എത്തിരിക്കുന്നത്. അതേസമയം, ഭൂമി തരം മാറ്റാം എന്ന പേരിൽ വ്യാജ പ്രചരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായും ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു.
വരുമാനം ലക്ഷങ്ങൾ
ഡേറ്റാബാങ്കിൽപ്പെട്ട സ്ഥലംപോലും തന്ത്രപരമായി കോടതിയുത്തരവ് സമ്പാദിച്ച് തരംമാറ്റുന്നതാണ് രീതി. പരസ്യങ്ങൾ നൽകി പ്രവർത്തിക്കുന്ന തരംമാറ്റൽ സംഘങ്ങൾ ഇതുവഴി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഡേറ്റാബാങ്കിൽപ്പെട്ട ഭൂമി തരംമാറ്റാൻ മാർഗമില്ലാതെ വിഷമിക്കുന്നവരെയാണ് ലക്ഷ്യമിടുന്നത്. പണം നൽകിയാൽ എത്ര ഏക്കറും തരം മാറ്റി കരഭൂമിയാക്കി നൽകാമെന്നാണ് സംഘങ്ങളുടെ വാഗ്ദാനം. അഞ്ചുസെന്റ് ഭൂമി തരം മാറ്റി രേഖകളുണ്ടാക്കാൻ 75,000 രൂപയാണ് ഏജന്റ് ആവശ്യപ്പെടുന്നത്. സ്വാഭാവിക നീതി നിഷേധിച്ചെന്ന് കാണിച്ച് കോടതിയെ സമീപിച്ചാണ് അനുകൂലവിധി നേടുന്നത്. കോടതിയലക്ഷ്യം ഭയന്ന് ഉദ്യോഗസ്ഥരും എതിർക്കാറില്ല.
ഫീസ് അടച്ചും അടക്കാതെയും ഭൂമി തരം മാറ്റുന്നതിന് സഹായിക്കാമെന്ന വാഗ്ദാനവുമായി ബാനറുകളും പോസ്റ്ററുകളും ചില കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണ കേന്ദ്രമോ റവന്യൂ വകുപ്പോ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിട്ടില്ല. വ്യാജ പ്രചരണത്തിൽ ആരും കുടുങ്ങരുത്.
എസ്. സുഹാസ്