വൈപ്പിൻ: മുനമ്പം ഹാർബറിൽ കൊവിഡ് പ്രതിരോധ , നിരീക്ഷണ, നിയന്ത്രണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജനകീയ സമിതിക്ക് രൂപം നൽകി. ഫിഷറീസ്, ആരോഗ്യം, പൊലീസ്, പഞ്ചായത്ത് , റവന്യൂ അധികൃതർ ഉൾപ്പെട്ട യോഗത്തിൽ വെച്ചാണ് സമിതിക്ക് രൂപം നൽകിയത്. മത്സ്യമേഖലയിലെ ദൈനം ദിന പ്രവർത്തനങ്ങളിൽ സർക്കാർ ഉത്തരവുകൾക്കും മാർഗരേഖകൾക്കും വിധേയമായി പ്രാദേശിക സാഹചര്യങ്ങൾ ഉൾക്കൊണ്ട് സമിതി നിർദേശങ്ങൾ നൽകും. നിയമവിരുദ്ധമായ കാര്യങ്ങൾ ഉദ്യോഗതല സമിതിക്ക് മുൻപാകെ കൊണ്ടുവരും.രൂപികരണ യോഗത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി ജോസ്, കൊവിഡ് നോഡൽ ഓഫീസർ ഡോ. അമൃതകുമാരൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ലെനിൻ, വില്ലേജ് ഓഫീസർ ലീന കെ ഡി, എ.എസ്.ഐ ബിജു ടി.സ്, ജെ എച്ച് ഐ ആൻറണി ടി ജി തുടങ്ങിയവർ സംസാരിച്ചു.
ജനകീയസമിതിയുടെ ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ ( രക്ഷാധികാരി ), കെ.ബി രാജീവ് ( ചെയർമാൻ) , പി.പി ഗിരീഷ് ( വൈസ് ചെയർമാൻ ), എ.കെ ഗിരീഷ് ( കൺവീനർ ), സി.എസ് ശൂലപാണി ( ജോ. കൺവീനർ) , ഇ.ടി സുജോയ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.