കൊച്ചി: നെട്ടൂർ കൊലപാതക കേസിലെ പ്രധാനപ്രതികളായ പനങ്ങാട് ഒല്ലേരി റോഡിൽ തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (26), കാമുകൻ അടിമാലി ആനച്ചാൽ സ്വദേശി ജാൻസൻ ജോസ് (24), അടിമാലി മോളേത്തു പുത്തൻപുരയിൽ വിഷ്ണു എം.സുരേന്ദ്രൻ എന്നിവർ അറസ്‌റ്റിലായി. നെട്ടൂർ സ്വദേശിയായ ഫഹദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. രണ്ടാഴ്ചമുമ്പാണ് സംഭവം.
പൊലീസ് പറയുന്നത്: കഴിഞ്ഞമാസം ശ്രുതിയുടെ ആദ്യഭർത്താവ് നെട്ടൂർ മൂത്തേടത്ത് അഖിൽദാസ് മൂന്നാറിൽ ടൂറിന് പോയ സമയം ഇപ്പോഴത്തെ കാമുകൻ ജാൻസനുമായി ശ്രുതിയെച്ചൊല്ലി സംസാരം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. കഞ്ചാവ് കേസിൽ റിമാൻഡിലായിരുന്ന ശ്രുതിയെ ജാമ്യത്തിലിറക്കാൻ മറ്റൊരു കാമുകനായ പ്രവീണും സംഘവും ശ്രമിക്കുന്നതിനിടയിൽ ജാൻസനും കൂട്ടുകാരൻ വിഷ്ണുവും ജോമോനും ചേർന്ന് ജാമ്യത്തിലിറക്കി ശ്രുതിയുടെ നെട്ടൂരുള്ള വീട്ടിലെത്തി.
ഇതിൽ പ്രകോപിതനായ പ്രവീണും സംഘവും മുൻഭർത്താവ് അഖിൽദാസും സംഘവും ചേർന്ന് ശ്രുതിയുടെ വീടിന്റെ പരിസരത്തെത്തുകയും റോഡിൽ പാർക്ക് ചെയ്തിരുന്ന ജാൻസന്റെ കാറിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും കാറിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ അപഹരിക്കുകയും ചെയ്തു. മൊബൈൽഫോണുകൾ തിരികെ ലഭിക്കുന്നതിന് ജാൻസനും ശ്രുതിയുടെ കൂട്ടുകാരും ചേർന്ന് റോഷനെ നിയോഗിച്ചു. ഇവർ നെട്ടൂരിലുള്ള ശ്മശാനത്തിൽ സംഘം ചേർന്നെത്തി. ലഹരിമരുന്ന് വിനിമയവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
പനങ്ങാട് ഇൻസ്‌പെക്ടർ എ. അനന്തലാൽ, എസ്.ഐ. ജോസഫ് സാജൻ, പനങ്ങാട് എസ്.ഐ റിജിൻ.എം.തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. 22 പ്രതികളിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.