ഫോർട്ടുകൊച്ചി: സമ്പർക്ക രോഗികളുടെ എണ്ണം നൂറിന് അടുത്തെത്തിയതോടെ പശ്ചിമകൊച്ചി വീണ്ടും ആശങ്കയുടെ മുൾമുനയിലായി. ഇന്നലെ 98 പേരാണ് ഇവിടെ കൊവിഡ് ബാതിതരായത്. പശ്ചിമകൊച്ചിയാകെ അടച്ച് പൂട്ടിയിടേണ്ട സാഹചര്യത്തിൽ പോലും ഇത്രയും കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇളവുകൾ പ്രഭല്യത്തിൽ വന്നതിന് പിന്നാലെ ആളുകൾ സാമൂഹിക അകലമെല്ലാം ലംഘിച്ചത് പുറത്ത് ഇറങ്ങാൻ തുടങ്ങിയതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.രോഗവ്യാപനത്തിൽ പശ്ചിമകൊച്ചിയിൽ ഫോർട്ടുകൊച്ചിയിലാണ് മുന്നിൽ നിൽക്കുന്നത്. 50 കേസുകളാണ് ഇവിടെ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. മട്ടാഞ്ചേരിയും പള്ളുരുത്തിയുമാണ് ഫോർട്ടുകൊച്ചിക്ക് പിന്നിലുള്ളത്. അതേസമയം, രോഗവ്യാപനത്തെ തുടർന്ന് ഒരു പഞ്ചായത്ത് മുഴുവനും അടച്ചിട്ട ചെല്ലാനം ഇപ്പോൾ ശാന്തമാണ് .ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്നത്. മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ജനങ്ങളുടെ തിരക്ക് നിയന്ത്രിച്ചാൽ സമ്പർക്ക രോഗികളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ. പശ്ചിമകൊച്ചിയിൽ വിലക്ക് ഏർപ്പെടുത്തിയതും അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ തുറന്നതും ജനം കൂടാൻ കാരണമായി. ഓരോ ജംഗ്ഷനിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടായിരുന്ന സാനിറ്റൈസർ, വെള്ളം, സോപ്പ് എന്നിവ കാണാൻ കഴിയാത്ത സ്ഥിതിയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നും മുൻകാലങ്ങളിൽ ഉണ്ടായിരുന്ന കർശന നിയന്ത്രണങ്ങൾ ഒഴിവായതും ജനം കൂട്ടത്തോടെ തെരുവിലിറങ്ങാൻ കാരണമായി.