കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ അഞ്ചു കരാറുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒന്ന്, ഏഴ്, പതിനൊന്ന് വാർഡുകളിൽ നിന്ന് ഒരോരുത്തർക്കു വീതവും, ഏഴാം വാർഡിലെ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ പഞ്ചായത്തിലെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലും എത്തിയിരുന്നു. രണ്ടു ദിവസം അവധിയായിരുന്ന ഓഫീസ് നാളെ സാനിറ്റൈസേഷനു ശേഷം തുറക്കും. രോഗ ബാധ സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം കളക്ടർക്ക് റിപ്പോർട്ട് കൈമാറും.