പിറവം: നഗരസഭ പരിധിയിൽ ഇട്ടാർമല, കൊള്ളിക്കൽ ,കണ്ണീറ്റുമല പ്രദേശങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ യോഗത്തിൽ തീരുമാനമായി. ഇന്നു മുതൽ ഞായറാഴ്ചകളിൽ കടകൾ തുറക്കില്ല. മറ്റു ദിവസങ്ങളിൽ രാവിലെ 7മുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ പേരുവിവരം ഉൾക്കൊള്ളുളുന്ന രജിസ്റ്റർ സൂക്ഷിക്കണം. കടകളിലും ബാങ്കിംഗ് മേഖല ഉൾപ്പെടെ എല്ലായിടത്തും സാനിറ്റൈസർ ഉറപ്പുവരുത്തണം.

10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവർ പുറത്തിറങ്ങാൻ പാടില്ല. കൊവിഡ് പരിശോധന ആവശ്യമുള്ളവർക്ക് നഗരസഭ വാഹനം ലഭ്യമാക്കും. ചികിത്സ ആവശ്യമുള്ളവർക്ക് നഗരസഭ ഏറ്റെടുത്തിരിക്കുന്ന സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആവശ്യമെങ്കിൽ ചികിത്സാസൗകര്യം ലഭ്യമാക്കും.

യോഗത്തിൽ നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ്, വൈസ് ചെയർമാൻ അന്നമ്മ ഡോമി, അരുൺ കല്ലറയ്ക്കൽ, ഐഷാ മാധവ്, സിജി സുകുമാരൻ , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ഇളന്താട്ട് , ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചു പി.തമ്പി, നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ, പിറവം എസ്.ഐ വി.ഡി. റെജിരാജ് തുടങ്ങിയവർ പങ്കെടുത്തു.