കോതമംഗലം: ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും കഠിന പ്രയത്നത്തിലൂടെ അഭിഭാഷകനായ എ.ആർ സുമേഷിന്റെ ജീവിതം വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം. ദീർഘകാലത്തെ സ്വപ്നം സഫലമാക്കി കഴിഞ്ഞ ദിവസം തൃക്കാരിയൂർ അറയ്ക്കൽ പുത്തൻപുരയിൽ രാജുവിന്റെ മകൻ എ.ആർ സുമേഷ് അഭിഭാഷകവേഷമണിഞ്ഞു.
തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ എസ്.എസ്.എൽ സിയും വാരപ്പെട്ടി എൻ.എസ്.എസ് സ്കൂളിൽ നിന്നും +2 ഉം പാസായ സുമേഷിന് പിതാവ് രോഗബാധിതനായതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിന്റെ ബാർബർ ഷോപ്പിന്റെയും കുടുംബത്തിന്റെ ഉത്തരവാദിത്വവും ചുമലേറ്റി.
കോളേജിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും 24-ാം വയയിൽ എം.ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റായി ബി.എ എക്കണോമിക്സിന് ചേർന്നു. പകൽ ജോലിയും രാത്രി പഠനവുമായി മൂന്നുവർഷം. ബിരുദമെടുത്ത് പിന്നെയും വൈകി 30-ാം വയസിൽ തൊടുപുഴ ലോ കോളേജിൽ അഡ്മിഷനെടുത്തു. പകൽ കോളേജിലും വൈകിട്ട് ബാർബർ ഷോപ്പിലും എന്നതായി ദിനചര്യ. പഠനത്തിനും പിതാവിന്റെ ചികിത്സയ്ക്കും കുടുംബചിലവിനുമെല്ലാം ബാർബർ ഷോപ്പ് തുണയായി.
ഉയർന്ന മാർക്കോടെയായാരുന്നു എൽ.എൽ.ബി വിജയം.
സുമേഷിനെ തൃക്കാരിയൂർ ഗ്രാമ വികസന സമിതി വീട്ടിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ സമിതി പ്രസിഡന്റ് കെ.ജി.സുഭഗൻ സെക്രട്ടറി പി.ആർ സിജു, കൺവീനർ കെ.എസ് ജയചന്ദ്രൻ ,പി.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.