teaching

കൊച്ചി: സർക്കാർ അവഗണനയുടെ കയ്പുനീർ കുടിച്ച് മൂവായിരത്തോളം റിസോഴ്സ് അദ്ധ്യാപകർ ..കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ഇവർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം. വർഷങ്ങളായിട്ടും ജോലി സ്ഥിരതയുമില്ല. സമഗ്രശിക്ഷ അഭിയാൻ കേരളയുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി തലത്തിൽ 2886 റിസോഴ്സ് അദ്ധ്യാപകരാണുള്ളത്.കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പുറമെ ,പരിചരിക്കുന്നവരുമാണ് ഇവർ. കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വേതനത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം അനുവദിക്കുന്നതിന് പകരം കേന്ദ്ര സർക്കാ‌ർ അനുവദിച്ച തുകയിൽ 12.93 കോടി രൂപ വക മാറ്റി. എലിമെൻഡറി അദ്ധ്യാപകർക്ക് 20,000 രൂപയും,സെക്കൻഡറി അദ്ധ്യാപകർക്ക് 25,000 രൂപയുമാണ് കഴിഞ്ഞ പത്ത് വർഷമായി പ്രതിമാസ വേതനം..ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും പി.എഫ് അക്കൗണ്ടില്ല. സ്ഥിര നിയമനമല്ലാത്തതിനാൽ സർക്കാർ ജീവനക്കാർക്കുള്ള ഭവന വായ്പ, ചികിത്സ സഹായം, യാത്രബദ്ധ ഇതൊന്നുമില്ല. 20 വർഷവും അതിനുമുകളിലും സർവീസ് ഉള്ളവർക്കുപോലും പത്ത് മാസത്തെ താൽക്കാലിക നിയമനവും വേതനവുമാണ് ലഭിക്കുന്നത്.10 വർഷം താൽക്കാലികാടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന 2016 ജൂൺ 30 ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കെ.പി.എസ്.ടി.എ, സംസ്ഥാന ജനറൽ സെക്രട്ടറി.എം. സലാഹുദ്ദീൻ ആവശ്യപ്പെട്ടു.