കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെ സംസ്ഥാന സാക്ഷരതാ മിഷനു കീഴിൽ സേവനം അനുഷ്ഠിച്ചിട്ടും പ്രേരക്മാർക്ക് ജോലിസ്ഥിരതയില്ല. മാറിവന്ന സർക്കാരുകൾ സ്ഥിരനിയമനം വാഗ്ദാനം ചെയ്തെങ്കിലും നടപ്പായിട്ടില്ല. ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിലും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് പ്രേരക്മാരുടെ പരാതി. ജോലിസ്ഥിരത ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൂട്ടനിവേദനം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2,095 പ്രേരക്മാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 80 ശതമാനവും 40 വയസിന് മുകളിൽ പ്രായമുള്ള വീട്ടമ്മമാരാണ്. 20 വർഷം മുമ്പ് പത്താം ക്ലാസ് മുതൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി തൊഴിലന്വേഷിച്ച് നടന്ന കാലത്ത് നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും നിർബന്ധത്തിന് വഴങ്ങി പ്രേരക്മാരായവരാണ് ഏറെയും. ഇന്നല്ലെങ്കിൽ നാളെ സ്ഥിരനിയമനം കിട്ടുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. മാറിമാറിവന്ന സർക്കാരുകൾക്കു മുമ്പിൽ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
സാക്ഷരതയുടെ ശില്പികൾ
കേരളത്തിലെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ വിജയത്തിന് ശേഷം തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നാല്, ഏഴ്, പത്ത് ക്ലാസുകളിലും പ്ലസ് ടു തുല്യതാ കോഴ്സുകൾ ആരംഭിച്ചകാലം മുതൽ അതിന്റെയൊക്കെ പൂർണചുമതലക്കാർ പ്രേരക്മാരാണ്. പഠിതാക്കളെ കണ്ടെത്തേണ്ടതും രജിസ്റ്റർ ചെയ്യിക്കുന്നതു മുതൽ പരീക്ഷ എഴുതിക്കുന്നതു വരെയുള്ള മുഴുവൻ ഉത്തരവാദിത്വവും പ്രേരക്മാർക്കാണ്. അതോടൊപ്പം ആദിവാസി സാക്ഷരത, തീരദേശ സാക്ഷര, അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക സാക്ഷരതക്ലാസ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷാപഠനം തുടങ്ങിയ നിരവധി പദ്ധതികളും ജലസർവേ, പരിസ്തി സർവേ തുടങ്ങിയ പരിപാടികളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ജോലികളും പ്രേരക്മാർ ചെയ്യണം.
ജോലി കഠിനം : വേതനം കുടിശിക
ജോലിഭാരം എത്രയുണ്ടായാലും കൂലി കൃത്യമായി ലഭിക്കാറുല്ലെന്ന് പ്രേരക്മാർ പറയുന്നു. കൊവിഡ് കാലത്ത് പോലും ഫീൽഡിലെ കഷ്ടപ്പാടുകൾ സഹിച്ച് ജോലിചെയ്യുന്ന പ്രേരക്മാർക്ക് മൂന്നു മാസത്തെ വേതനം കുടിശികയാണ്. അതിൽ നിന്ന് ഒരു മാസത്തെ വേതനം ഓണത്തിനു പോലും നൽകിയില്ല. സാക്ഷരതാ മിഷൻ ജില്ലാ, സംസ്ഥാന ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച ശമ്പളം കൃത്യമായി എല്ലാ മാസവും ലഭിക്കാറുമുണ്ട്.
ഇതുവരെ സംസ്ഥാനത്തു നടന്ന സാക്ഷരതപ്രവർത്തന മികവിന്റെ പേരിൽ തങ്ങളെ തഴഞ്ഞ് ജില്ലാ, സംസ്ഥാന ഓഫീസുകളിലെ 120ൽപ്പരം ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി പ്രേരക്മാർ ആരോപിക്കുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതായിരുന്നു സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറുടേയും പ്രികരണം. ഇതേത്തുടർന്നാണ് അർഹരായ തങ്ങൾക്കും സ്ഥിരനിയമനം വേണമെന്ന് ആവശ്യപ്പെട്ട് പ്രേരക്മാർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികൾ വേണ്ടിവരുമെന്ന് ഇവർ പറയുന്നു.