ksp
കേരള സാംസ്കാരിക പരിഷത്ത് ആലുവ മണപ്പുറത്ത് സംഘടിപ്പിച്ച നദീവന്ദനം സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാനത്തെ ജലാശയങ്ങളുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച റിവർ മാനേജ്മെന്റ് അതോറിട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ലോക നദീ ദിനത്തോടനുബന്ധിച്ച് കേരള സാംസ്കാരിക പരിഷത്ത് ആലുവ മണപ്പുറത്ത് സംഘടിപ്പിച്ച നദീവന്ദനം കൂട്ടായ്മ ആവശ്യപ്പെട്ടു.

നദികളിലെ മണൽ ഖനന സെസ് തുകയും അനധികൃത മണൽ ഖനനത്തിനെതിരായ പിഴ തുകയുമാണ് റിവർ മാനേജ്‌മെന്റ് ഫണ്ടായി ലഭിച്ചിരുന്നത്. എന്നാൽ അംഗീകൃതവും അനധികൃതവുമായ മണൽ ഖനനം നിലച്ചതോടെ അതോറിട്ടിയുടെ പ്രവർത്തനത്തിന് ഫണ്ടില്ലാതായി. ഈ സാഹചര്യത്തിൽ നദികളുടെ സംരക്ഷണത്തിനായി ജലസേചന - റവന്യു വകുപ്പുകൾ ഫണ്ട് അനുവദിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഭിലാഷ് അശോകൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് പി.വൈ. ജോസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, ബോബൻ ബി. കിഴക്കേത്തറ, ശ്രീമൂലം മോഹൻദാസ്, വി.ടി. സതീഷ്, എ.എസ്. സലിമോൻ, വിനോജ് ഞാറ്റുവീട്ടിൽ, രാജു തോമസ്, ഇന്ദുകുമാർ എടത്തല, വിപിൻദാസ്, അരുൺ കൃഷ്ണൻകുട്ടി, കെ.വി. ഉദയകുമാർ എന്നിവർ സംസാരിച്ചു.

പെരിയാറിനെ വന്ദിച്ച് ബി.ജെ.പി

ലോക നദീദിനത്തിൽ ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി പെരിയാർ തീരത്ത് നദിവന്ദനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ സെൽ ജില്ല കൺവീനർ കെ.കെ. മുരളി മുഖ്യാതിഥിയായി. ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി, മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, ടൗൺ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി ജോയ് വർഗീസ്, പി.പി. മോഹൻ, വേണുഗോപാൽ, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.