kummanam

കൊച്ചി: മാറാട് കലാപം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം തുടരുകയാണെന്നും കേസെടുത്തിട്ടില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അജ്ഞത കൊണ്ടാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സി.പി.എം പ്രവർത്തകർ പ്രതികളായതിനാൽ സർക്കാർ അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2016ൽ കേസ് സി.ബി.ഐക്ക് വിട്ടു. ഫയലുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും 33 എണ്ണം മാത്രമാണ് നൽകിയത്. പ്രതികളിൽ 12പേർ സി.പി.എം പ്രവർത്തകരായതിനാലാണ് എല്ലാ ഫയലും നൽകാത്തത്.

ലൈഫ് ഭവനപദ്ധതിയിൽ ചട്ടങ്ങൾ ലംഘിച്ചത് അന്വേഷിക്കാൻ ഫെഡറേഷൻ ഒഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രെസന്റ് സൊസൈറ്റിക്ക് താൻ പരാതി നൽകി. റെഡ് ക്രോസ് സംഘടനകളുടെ കേന്ദ്ര ഫെഡറേഷനാണിത്. ഗൾഫ് രാജ്യങ്ങളിൽ റെഡ് ക്രെസന്റ് എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. ഫെഡറേഷന്റെ അറിവോടെ ഓരോ രാജ്യത്തെയും ഘടകം വഴിയേ സഹായങ്ങൾ നൽകാവൂ എന്നാണ് വ്യവസ്ഥ. 2018 ലെ പ്രളയത്തിന് ശേഷം കുവൈറ്റ്, ഖത്തർ റെഡ് ക്രെസന്റുകൾ കേരളത്തിൽ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിയത് ഇന്ത്യൻ റെഡ് ക്രോസ് വഴിയാണെന്നും അദ്ദേഹം പറഞ്ഞു.