ആലുവ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് അവഗണിച്ചും കുന്നത്തേരിയിൽ കൈയ്യേറ്റക്കാരുടെ പൂരം. രൂക്ഷമായ ഗതാഗത കുരുക്കിന് വരെ വഴിയൊരുക്കുന്നതായി ആരോപിച്ച് പൊതുപ്രവർത്തകൻ രാജേഷ് കുന്നത്തേരി നൽകിയ പരാതിയിലാണ് ചൂർണ്ണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവലയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രണ്ട് വർഷം മുമ്പ് ഉത്തരവിട്ടത്.
ആലുവയിൽ നിന്നും വിടാക്കുഴ വരെ ആറ് കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ റോഡിൽ എസ്.എൻ പുരം മുതൽ വിടാക്കുഴ വരെയാണ് കൂടുതൽ കൈയ്യേറ്റം. ഇറച്ചി - മത്സ്യ കച്ചവടം മുതൽ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസും ക്ലബുകളും വരെ കൈയ്യേറ്റ പട്ടികയിലുണ്ട്. കുന്നത്തേരി കവലയിലാണ് വ്യാപകമായ കൈയ്യേറ്റം. വിശാല കൊച്ചിയിലേക്ക് ഭൂഗർഭ പൈപ്പ് മുഖേന കുടിവെള്ളം കൊണ്ടുപോകുന്ന ഭാഗത്തെ റോഡ് ആയതിനാൽ വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലാണ്. റോഡ് നവീകരിക്കുന്നതിന് എം.എൽ.എ ഫണ്ട് അനുവദിച്ചാലും നിർമ്മാണത്തിന് വാട്ടർ അതോറിട്ടിയുടെ അനുമതി വേണം.
നോട്ടീസ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല
റവന്യൂ വകുപ്പിന്റെയും വാട്ടർ അതോറിട്ടിയുടെയും റിപ്പോർട്ട് തേടിയ ശേഷമാണ് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വാട്ടർ അതോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഇതേതുടർന്ന് വാട്ടർ അതോറിട്ടി അധികാരികൾ കൈയ്യേറ്റക്കാർക്ക് നോട്ടീസ് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. രാഷ്ട്രീയ സ്വീധീനത്തിൽ ഒഴിപ്പിക്കൽ നടപടികൾ നിർത്തിക്കുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതാണ് പൊതുവികസനത്തിന് വിലങ്ങുതടിയാകുന്നതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് നിലച്ചുപോയ കുന്നത്തേരിയിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ.
ബി.ജെ.പി ശ്രദ്ധക്ഷണിക്കൽ സമരം
കുന്നത്തേരി പൈപ്പ് ലൈൻ റോഡിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് രണ്ട് വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ശ്രദ്ധക്ഷണിക്കൽ സമരം സംഘടിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സി.എം. പ്രതാപൻ അദ്ധ്യഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി എം.എം.സിദ്ധാർത്ഥൻ, പി.കെ. മഹേഷ്, രാജേഷ് കുന്നത്തേരി, ജയപ്രകാശ്, സനീഷ് കളപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കുന്നത് വരെ സമരം തുടരുമെന്ന് കമ്മീഷനിൽ നിന്നും അനുകൂല ഉത്തരവ് നേടിയ രാജേഷ് കുന്നത്തേരി അറിയിച്ചു.