തൃക്കാക്കര: നാടൻ മത്സ്യം കറൂപ്പിന്റെ കുഞ്ഞുങ്ങൾക്കായി ആവശ്യക്കാർ ഓടിയെത്തി.
ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച് വംശനാശം നേരിടുന്ന നാടൻ മത്സ്യങ്ങളുടെ പ്രചാരണത്തിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഉത്തരവാദിത്ത ടൂറിസം മിഷന്റെ യൂണിറ്റായ ടൂറിസ്റ്റ് ഡസ്‌ക്കും ഇന്നലെ സംഘടിപ്പിച്ച മത്സ്യചന്തയിൽ ആയിരത്തോളം കറൂപ്പ് കുഞ്ഞുങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയി. ഫോണിൽ ഓർഡറുകൾ വന്നുകൊണ്ടേയിരിക്കുന്നു.പരീക്ഷണാടിസ്ഥാനത്തിൽ വെറുതേ ഒരു ശ്രമം നടത്തുകയായിരുന്നു. കറൂപ്പിന്റെയും തിലാപ്പിയയുടെയും കുഞ്ഞുങ്ങളെയാണ് വിൽക്കാൻ നിശ്ചയിച്ചത്.
കറൂപ്പിനെ തേടി ആളുകൾ പാഞ്ഞെത്തി
പരിപാലനം ഒട്ടും ആവശ്യമില്ലാത്തവയാണ് കറൂപ്പ്. അപാരമായ അതിജീവനശേഷിയും. കരയിലൂടെ ഏറെ ദൂരം ഇഴഞ്ഞുപോകാനാകും. വെള്ളമില്ലാതെയും കുറേനേരം ജീവിക്കും.
വർഷങ്ങൾക്ക് മുമ്പ് തോട്ടിലും കുളങ്ങളിലും മറ്റും നിറയെ ഉണ്ടായിരുന്ന കറൂപ്പിനെ ഇപ്പോൾ കാണാൻ പോലും കിട്ടാറില്ല. പലർക്കും കറൂപ്പ് ഗൃഹാതുരത്വം ഉണർത്തുന്ന മത്സ്യം കൂടിയാണ്. പിടിക്കുന്നതിനിടെ കറൂപ്പിന്റെ മുള്ളുകൊള്ളാത്ത ബാല്യങ്ങൾ എറണാകുളം മേഖലയിൽ അപൂർവവുമായിരിക്കും.
ആറാഴ്ച പിന്നിട്ട മത്സ്യകുഞ്ഞുങ്ങളെയാണ് എറണാകുളം ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്കിൽ വിതരണം ചെയ്തത്. 10 മുതൽ 20 രൂപ വരെയായിരുന്നു വില. നാലിഞ്ച് നീളമുള്ളതിനാണ് 20 രൂപ ഈടാക്കിയത്. മത്സ്യക്കുഞ്ഞുങ്ങളെ വിവിധ മത്സ്യവളർത്തുകേന്ദ്രങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയായിരുന്നു.
കൊവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ചന്തയിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്തശേഷം നിശ്ചിത സമയത്ത് എത്തിച്ചേരണം. വിവരങ്ങൾക്ക്: 9847044688, 9847331200
ഒക്ടോബർ 2 വരെ ചന്ത പ്രവർത്തിക്കും. ലീഡ് ബാങ്ക് മാനേജർ സതീഷ് ആദ്യവിൽപ്പന നിർവഹിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.