കൊച്ചി : രാജീവ് ആവാസ് യോജന പദ്ധതി (റേ) നടത്തിപ്പിൽ അഴിമതി ആരോപിച്ച് കൊച്ചി മേയർക്കെതിരെ എൽ.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുന്നു. ആദ്യഘട്ടമായി ഇന്ന് (28) നഗരസഭാ കവാടത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ സമരം നടത്തും.

റേ അഴിമിതിയിൽ വിജിലൻസ് കേസെടുത്ത് മേയറെ അറസ്റ്റ് ചെയ്യണമെന്നതാണ് പ്രതിപക്ഷ ആവശ്യം. പാവപ്പെട്ട ഭൂരഹിത ഭവനരഹിതർക്കായി നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി അട്ടിമറിച്ചെന്ന പെർഫോമെൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തുടർന്നാണ് പ്രശ്നം ഏറ്റെടുത്ത് പ്രക്ഷോഭം നടത്താൻ പ്രതിപക്ഷമായ എൽ.ഡി.എഫ് തീരുമാനിച്ചത്.

പദ്ധതി ഇങ്ങനെ
പശ്ചിമകൊച്ചിയിലെ 398 കുടുംബങ്ങൾക്കായി റേ പദ്ധതി പ്രകാരം തുരുത്തിക്കോളനിയിൽ 12 നിലകളുള്ള രണ്ട് ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതാണ് പദ്ധതി. ആദ്യം 198 കുടുംബങ്ങൾക്ക് 300 ചതുരശ്രയടി വീതമുള്ള ഭവന സമുച്ചയം നിർമ്മിക്കാൻ 14.75 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ആദ്യം ടെൻഡറിൽ രണ്ടു കരാറുകാരാണ് പങ്കെടുത്തത്. ഇവർക്ക് സാങ്കേതിക ജ്ഞാനമില്ലെന്ന് കണ്ടെത്തി കരാർ നടപടികൾ അവസാനിപ്പിച്ചു.

രണ്ടാം ടെൻഡറിൽ ആദ്യം അയോഗ്യനെന്ന് കണ്ടെത്തിയ സിറ്റ്‌കോ അസോസിയേറ്റ്‌സ് മാത്രമാണ് പങ്കെടുത്തത്. എസ്റ്റിമേറ്റ് തുകയെക്കാൾ 23.7 ശതമാനം അധികം തുകയിലാണ് അവർ ക്വട്ടേഷൻ സമർപ്പിച്ചത്.

കരാറിൽ അഴിമതിയെന്ന്

എസ്റ്റിമേറ്റ് തുകയെക്കാൾ 3.84 ലക്ഷം രൂപ അധികമാണ് ക്വാട്ട് ചെയ്തത്. ആദ്യം അയോഗ്യനെന്ന് കണ്ടെത്തിയ സ്ഥാപനത്തെ കരാർ ഏല്പിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. 2017 ഫെബ്രുവരിയിൽ ആരംഭിച്ച് രണ്ട് വർഷം കൊണ്ട് ഫ്‌ളാറ്റിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.
ഈ സമയം കഴിഞ്ഞെങ്കിലും 12 നിലകളുള്ള ഫ്ളാറ്റിന്റെ താഴത്തെ നിലയുടെ സ്ലാബിന്റെ നിർമ്മാണം പൂർത്തീകരിക്കാനും ഒന്നാം നിലയുടെ കോളത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനും മാത്രമേ കരാറുകാരനു കഴിഞ്ഞുള്ളു. കാരാറുകാരനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം സെക്യൂരിറ്റി തുകയായ 91,22,875 രൂപ കൗൺസിലിന്റെ അനുവാദമില്ലാതെ മേയർ തിരിച്ചു നൽകയെന്നാണ് ആരോപണം.

ഇതിനെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ മന്ത്രിക്ക് പരാതി നൽകി. ഇതേ തുടർന്ന് സംസ്ഥാന പെർഫോമൻസ് ഓഡിറ്റ് വിഭാഗം മേയറുടെയും ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടേയും പരാതിക്കാരുടെയും മൊഴിയെടുത്തു. ഫയലുകൾ പരിശോധിച്ചു. ഗുരുതരമായ വീഴ്ച കണ്ടെത്തിയെന്നാണ് ഇവരുടെ റിപ്പോർട്ട്.

തടിയൂരാൻ ശ്രമം
റേ പദ്ധതിയിലെ അഴിമതി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് തടിയൂരാണ് മേയർ ശ്രമിക്കുന്നത്. പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേയർക്കെതിരെ വിജിലൻസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യണം.

കെ.ജെ. ആന്റണി

പ്രതിപക്ഷനേതാവ്

വി.പി. ചന്ദ്രൻ

പാർലമെന്ററി പാർട്ടി സെക്രട്ടറി

എൽ.ഡി.എഫ്