police-station
പണി പൂർത്തിയായി വരുന്ന ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മന്ദിരം

ആലുവ: രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം അവസാന ഘട്ടത്തിൽ. പൊതുജനങ്ങൾക്കും പൊലീസുകാർക്കും കൂടുതൽ സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി 9,850 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. നവംബറിൽ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. ടൈൽ വിരിക്കുന്ന ജോലികളും വെള്ളപൂശലുമാണ് ഇപ്പോൾ നടക്കുന്നത്. കാലപ്പഴക്കത്തെ തുടർന്ന് 2018 അവസാനമാണ് പൊലീസ് വകുപ്പിന്റെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയത്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനമാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആലുവ - മൂന്നാർ റോഡിൽ നിന്നും സ്റ്റേഷന്റെ അകത്തേക്ക് പ്രവേശിച്ച് സബ് ജയിൽ റോഡിലൂടെ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് പുറത്തേക്ക് പോകുന്ന രീതിയിലാണ് നിർമ്മാണം. ജയിൽ മുറികൾ ഉൾപ്പെടെ സ്റ്റേഷനും പരിസര പ്രദേശങ്ങളും പൂർണമായും സി.സി ടി.വി നിരീക്ഷണത്തിലായിരിക്കും.

താഴത്തെ നിലയിലാണ് സ്റ്റേഷനിൽ എത്തുന്നവർക്കുള്ള വിശ്രമമുറിയും റിസപ്ക്ഷനും. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്.ഐ എന്നിവർക്കായി പ്രത്യേക മുറികളുണ്ട്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും, ട്രാൻസ് ജൻഡേഴ്‌സിസിനും പ്രത്യേക മുറികളുണ്ട്. കൂടാതെ വികലാംഗർക്ക് പ്രത്യേക സംവിധാനങ്ങളോടെ ശുചി മുറികളുമുണ്ട്. 1107 ചതുരശ്ര അടിയിൽ കാന്റീൻ.

ഒന്നാം നിലയിൽ ആധുനിക കോൺഫ്രൻസ് ഹാൾ ഉണ്ടാകും. കമ്മ്യൂണിറ്റി പൊലീസിനായി പ്രത്യേക മുറി, സീനിയർ എസ് ഐ, ഹെഡ് കോൺസ്റ്റബിൾ എന്നിവർക്കായി ഓഫീസ് സംവിധാനവുമുണ്ട്. ഇൻവെസ്റ്റിഗേഷൻ, സാക്ഷി, റെക്കോഡുകൾ, തൊണ്ടി വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നതിനും പ്രത്യേക മുറികളുണ്ട്. രണ്ടാം നിലയിൽ പൊലീസുകാർക്ക് വിശ്രമമുറി, സി.സി ടി.വി, സ്റ്റോർ എന്നിവയുണ്ട്. കെട്ടിടത്തിൽ ഫയർ എസ്‌കേപ്പ് സംവിധാനവും ഉണ്ട്.താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലുവ സ്റ്റേഷനിൽ എസ്.എച്ച്.ഒമാർ വാഴുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പുതിയ സ്റ്റേഷൻ തുറക്കുന്നതോടെ ഈ ആക്ഷേപവും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.