മൂവാറ്റുപുഴ: രണ്ടാർകര കടവിൽ നാല് പതിറ്റാണ്ടായി വഞ്ചിക്കാരനായി തൊഴിലെടുക്കുന്ന ചാലിൽ മൂസയെ രണ്ടാർ പൗരസമിതി ആദരിച്ചു. പൗരസമിതി പ്രസിഡന്റ് കെ.എം അഷറഫ് പൊന്നാട അണിയിച്ചാണ് ആദരിച്ചു. ആവോലി പഞ്ചായത്തിലെ രണ്ടാർ പ്രദേശത്തെ ആയവന പഞ്ചായത്തിലെ പുന്നമറ്റം, പായിപ്ര പഞ്ചായത്തിലെ പെരുമറ്റം എന്നീ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാർകര കടത്ത് കടവ്. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കാളിയാർ - കോതമംഗലം നദികളുടെ സംഗമഭൂമികൂടിയാണ് ഇവിടം.1960 കളിൽ തുടങ്ങിയ കടത്ത് കടവിൽ അദ്യം ബന്ധുവും ശേഷം മൂസയുടെ പിതാവും കുറച്ച് കാലം വഞ്ചിക്കാരനായി തൊഴിലെടുത്തിരുന്നു. പിന്നീട് കടത്ത് തൊഴിൽ മൂസ ഏറ്റെടുക്കുകയായിരുന്നു. 2018 ലെ മഹാപ്രളയക്കാലത്ത് മൂസയുടെ വീട്ടിലും പ്രളയം ബാധിച്ചുവെങ്കിലും പരമാവധി രക്ഷാപ്രവർത്തനങ്ങൾ തന്റെ വഞ്ചി ഉപയോഗിച്ച് ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷവും മൂസക്കുണ്ട്. ഇപ്പോൾ വാഹന സൗകര്യം വിപുലമായതോടെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി മൂസ പറഞ്ഞു. എങ്കിലും ചെയ്തുവന്ന തൊഴിൽ അവസാനിപ്പിക്കുവാൻ മൂസക്കായിക്ക് ആകുന്നില്ല. ആദരിക്കൽ ചടങ്ങിൽ പൗരസമതി ഭാരവാഹിളായ എം.എം അലിയാർ മാസ്റ്റർ, കെ.കെ മീരാൻ മൗലവി, പി.എസ്.സൈനുദ്ധീൻ, കെ. പി മുഹമ്മദ്, യു.പി ജമാൽ, ഫാറൂഖ് മടത്തോടത്ത് തുടങ്ങിയവർ പങ്കെടുത്തു.