ആലുവ: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച 'പഞ്ചാബി ഹൗസ്' സിനിമാക്കഥയെ പോലെ, കടബാദ്ധ്യതയെ തുടർന്ന് പെരിയാറിൽ ചാടിയെന്ന വ്യാജേന നാടുവിട്ട യുവാവിനെ മൂന്നാം നാൾ കോട്ടയത്ത് നിന്നും കണ്ടെത്തി. പൊലീസിനെയും ഫയർഫോഴ്സിനെയും തെറ്റായ വിവരം നൽകി കബളിപ്പിച്ചതിന് കേസിലും പ്രതിയായി.
കടുങ്ങല്ലൂർ മുപ്പത്തടം മില്ലുപടി കീളേടത്ത് സുധീർ കരീമാണ് (38) കഥാനായകൻ. കൂലിപ്പണിക്കാരനായ സുധീറിന് ലോട്ടറി ടിക്കറ്റ് കമ്പത്തിലൂടെയും ചീട്ടുകളിയിലുമായി എട്ട് ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടായി. കഴിഞ്ഞയാഴ്ച രണ്ട് ലക്ഷം രൂപ ലഭിക്കാനുള്ളവർ വീട്ടിലെത്തി ബഹളമുണ്ടാക്കി. 25ന് നൽകാമെന്ന് പറഞ്ഞാണ് അവരെ മടക്കിയത്. പറഞ്ഞ ദിവസം സുധീർ രാവിലെ വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞിറങ്ങി. ആലുവ മണപ്പുറത്തെത്തിയ സുധീർ കൈയിൽ കരുതിയ വസ്ത്രങ്ങളും മൊബൈൽ ഫോണും ചെരിപ്പും കടവിൽ ഉപേക്ഷിച്ച ശേഷം കോട്ടയത്തേക്ക് മുങ്ങി.
കുറെ കഴിഞ്ഞ് കടവിൽ കുളിക്കാനെത്തിയവർ വസ്ത്രങ്ങളും ഫോണും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഫോൺ കാൾ അറ്റൻഡ് ചെയ്തപ്പോൾ സുധീറിന്റേതാണെന്ന് വ്യക്തമായി. കുളിക്കാനിറങ്ങിയപ്പോൾ കാണാതായെന്നായിരുന്നു ധാരണ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഫയർഫോഴ്സ് എന്നിവർ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിച്ച തെരച്ചിൽ ശനിയാഴ്ച വൈകിട്ടാണ് അവസാനിപ്പിച്ചത്.
ഇതിനിടെ മാനസാന്തരം വന്ന സുധീർ ശനിയാഴ്ച രാത്രി വീട്ടിലേക്ക് ഫോൺ വിളിച്ച് താൻ കോട്ടയത്തുണ്ടെന്നും നാട്ടിലേക്ക് വരുന്നില്ലെന്നും അറിയിച്ചു. ഇക്കാര്യം അറിഞ്ഞ ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാർ കൂടി ഇടപെട്ട് സംസാരിച്ച് ബന്ധുക്കളെ വിട്ട് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
സുധീറിനെ കോടതിയിൽ ഹാജരാക്കി വീട്ടുകാർക്കൊപ്പം ജാമ്യത്തിൽ വിട്ടു.